ഛണ്ഡീഗഡ്: കനത്തമഴയും പ്രളയവും ദുരന്തം വിതച്ചിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ പ്രാഥമികമായി കണക്കാക്കിയിട്ടുള്ള നാശനഷ്ടങ്ങള്‍ 3000-4000 കോടി രൂപയുടേത്.
മഴ കനത്ത നാശം വിതച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ദുരിതം നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്ന് ഹിമാചല്‍പ്രദേശാണ്.
പ്രളയത്തെ തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളുമെല്ലാം തകര്‍ന്നിട്ടുണ്ട്.
300 ലധികം ടൂറിസ്റ്റുകളാണ് ഹിമാചലിലെ ലാഹൗള്‍-സ്പിതി ജില്ലയില്‍ കുടുങ്ങിപ്പോയത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. റോഡുകളിലും മറ്റും കനത്ത മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രാദേശിക ഭരണകൂടങ്ങള്‍ ടൂറിസ്റ്റുകളെ ഹോട്ടലുകളിലും സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളിലുമായി താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്.
ലാഹൗള്‍ താഴ്‌വാരത്തെ സിസ്സു ഗ്രാമത്തിന് സമീപത്തെ പാഗല്‍ നള്ളയില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ബസുകളും മറ്റുമാണ് കുടുങ്ങിയ നിലയിലായത്.
വടക്കേ ഇന്ത്യയില്‍ ഉടനീളമായി 61 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതില്‍ 17 എണ്ണവും ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ്. കുളു ജില്ലയിലെ നിര്‍മാണ്ട് ഏരിയയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
മറ്റ് അഞ്ചുപേര്‍ മണ്ണിടിച്ചിലില്‍ ഷിംല ജില്ലയിലും മരണമടഞ്ഞു. മണ്ണിടിച്ചിലില്‍ ഷോഖിക്ക് സമീപം ഷിംല – കല്‍ക ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ട്രാക്കില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഷിംല കല്‍കാ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.
പഞ്ചാബിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
പാട്യാലയിലെ രാജ്പുരയ്ക്ക് സമീപം നഭാ തെര്‍മ്മല്‍ പവര്‍ പ്ലാന്റില്‍ വെള്ളം കയറി. ഇതോടെ ഇവിടുത്തെ 700 എം.ഡബ്‌ള്യൂ യൂണിറ്റ് വരുന്ന ഒരു യൂണിറ്റ് അടച്ചിടാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.
വെള്ളപ്പൊക്കം മൂലം ചിത്കാരാ സര്‍വകലാശാലയില്‍ കുടുങ്ങിയ 50 പേരെക്കുടി സൈന്യം രക്ഷപ്പെടുത്തി. ഇതോടെ സൈന്യം രക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 910 ആയിരിക്കുകയാണ്.
വെള്ളപ്പൊക്കം കനത്ത നാശം വിതച്ച ഉത്തര്‍പ്രദേശില്‍ 34 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.