തിരുവനന്തപുരം: നിയമസഭ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രമേയം പാസാക്കിയത് ഏകകണ്ഠമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തില്ല. നിയമസഭയില്‍ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. നേരത്തെ, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാല്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിക്കുകയും ചെയ്തു.