പ്രഭാത ഭക്ഷണം കഴിച്ച്‌ അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു; നാല്‌ പേര്‍ ആശുപത്രിയില്‍

മുളങ്കുന്നത്തുകാവ്‌:  പ്രഭാതഭക്ഷണമായി ഇഡലിയും സാമ്പാറും കടലക്കറിയും കഴിച്ച കുടുംബത്തിലെ ഒരാള്‍ മരിച്ചു. അവണൂര്‍ എടക്കുളം അമ്മാനത്ത്‌ വീട്ടില്‍ ശശീന്ദ്രന്‍ (58) ആണ്‌ മരിച്ചത്‌.

ശശീന്ദ്രന്റെ അമ്മ കമലാക്ഷി (78), ഭാര്യ ഗീത ( 42), തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ (47), മുണ്ടൂര്‍ വേളക്കോട്‌ സ്വദേശി ശ്രീരാമചന്ദ്രന്‍ (50) എന്നിവര്‍ ചികിത്സയിലാണ്‌.

ശശീന്ദ്രന്റെ മകന്‌ രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിലാണ്‌. കമലാക്ഷി അമല ആശുപത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌.

വീട്ടില്‍നിന്ന്‌ കൊടുത്തയച്ച ഇഡലിയും മറ്റും കഴിച്ച തൊഴിലാളികളാണ്‌ ആശുപത്രിയിലുള്ളത്‌.

ഇന്നലെ രാവിലെയാണ്‌ രക്‌തം ഛര്‍ദിച്ച നിലയില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. ഗുരുതരാവസ്‌ഥയിലായിരുന്ന ശശീന്ദ്രന്‍ ചികിത്സയിലിരിക്കെ മരിച്ചു.

ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട്‌ തെങ്ങ്‌ കയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്‌.

ശശീന്ദ്രന്‌ പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ്‌ ഭക്ഷ്യവിഷബാധ സംശയിച്ചത്‌. ഇന്നലെ രാവിലെ വീട്ടില്‍നിന്ന്‌ നാലുപേരും ഭക്ഷണം കഴിച്ചിരുന്നു.

ഇതില്‍നിന്ന്‌ ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ്‌ സംശയം. ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ ഇതില്‍ വ്യക്‌തത വരികയുള്ളൂവെന്ന്‌ അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചശേഷം പുറത്തുപോയ ശശീന്ദ്രന്‍ തൊട്ടടുത്ത കോഫി ഹൗസില്‍ ചായ കുടിക്കുന്നതിനിടയിലാണ്‌ കുഴഞ്ഞുവീണത്‌. അവിടെയുണ്ടായിരുന്ന ഹൗസ്‌ സര്‍ജനാണ്‌ അത്യാഹിത വിഭാഗത്തിലെത്തിച്ചത്‌.

നല്‍കിയ വിലാസമനുസരിച്ച്‌ ഡോക്‌ടര്‍ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ മരണം സ്‌ഥിരീകരിച്ചു. മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുപോയി.

ശശീന്ദ്രന്റെ ഭാര്യയ്‌ക്കും അമ്മയ്‌ക്കും ഛര്‍ദിയും രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന്‌ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ പണിസ്‌ഥലത്തെ രണ്ട്‌ തൊഴിലാളികളും ഇതേ രോഗലക്ഷണവുമായി അവിടെ എത്തി. ഇതിനെതുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ വീട്ടിലുള്ളവരെ മുഴുവന്‍ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു.

പിന്നീട്‌ മകന്‍ മയൂര്‍നാഥിനെയും ആശുപത്രിയിലെത്തിച്ചു. വീട്ടില്‍നിന്ന്‌ അരകിലോമീറ്റര്‍ അകലെയുള്ള തെങ്ങിന്‍ പറമ്പില്‍ തേങ്ങയിടുന്ന തൊഴിലാളികള്‍ക്ക്‌ ഭക്ഷണം കൊടുത്തയച്ചിരുന്നു.

ഈ ഭക്ഷണം കഴിച്ച രണ്ടു തൊഴിലാളികളാണ്‌ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിയത്‌.

Related posts

Leave a Comment