പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തി.
കോയമ്ബത്തൂരില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പാലക്കാട് മേഴ്‌സി കോളജ് മൈതാനിയില്‍ ഇറങ്ങി. റോഡ് മാര്‍ഗം അഞ്ചുവിളക്കില്‍ എത്തി.
അഞ്ചുവിളക്കില്‍ നിന്ന് ഹെഡ്‌പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്ററോളം റോഡ് ഷോ നടത്തുകയാണ്.
അലങ്കരിച്ച വാഹനത്തിലാണ് മോദിയുടെ റോഡ് ഷോ.
മോദിയുടെ റാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പാലക്കാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്.
ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് മോദി സംസ്ഥാനത്തെത്തുന്നത്.
കഴിഞ്ഞയാഴ്ച പത്തനംതിട്ടയില്‍ എത്തിയിരുന്ന മോദി ഇത്തവണ കേരളത്തില്‍ രണ്ടക്കം കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, തിരുവനന്തപുരത്ത് എത്തിയ മോദി ഔദ്യോഗിക ചടങ്ങുകളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുത്തിരുന്നു.
മൂന്നു മാസത്തിനുള്ളില്‍ അഞ്ചു തവണയാണ് കേരളത്തില്‍ എത്തുന്നത്.മോദിയെ സ്വീകരിക്കാന്‍ റോഡിന്റെ ഇരുവശവും ആയിരക്കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് തടിച്ചുകൂടിയിരിക്കുന്നത്.
കനത്ത ചൂടിനെയും അവഗണിച്ചാണ് ജനക്കൂട്ടം രാവിലെ മുതല്‍ ഇവിടെ കൂടിയിരിക്കുന്നത്.
സുരക്ഷ പരിഗണിച്ച് ഇരുവശവും കനത്ത പോലീസ് വിന്യാസവുമുണ്ട്. പാലക്കാട്ടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം മോദി സേലത്തേക്ക് മടങ്ങും.