പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍‍ മോദി വിടവാങ്ങി; മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിലേക്കെന്ന് മകന്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. മാതാവിന് അന്തിമോപചാരം അര്‍പ്പിച്ച അദ്ദേഹം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു.

ഗാന്ധിനഗറിലെ ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റിയിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണിലാണ് മാതാവിന് നൂറ് വയസ് തികഞ്ഞത്.

മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പര്‍ശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം.

നൂറാം ജന്മദിനത്തില്‍ മാതാവിനെ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അദ്ദേഹം മാതാവിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടിയിരുന്നു.

Related posts

Leave a Comment