പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ല, ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍; പ്രത്യാശ പങ്കുവച്ച്‌ മമ്മൂട്ടി

കരിപ്പൂര്‍ വിമാനാദുരന്തത്തിലും രാജമലയിലെ ഉരുള്‍പൊട്ടലിലും കോവിഡും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രശംസിച്ച്‌ നടന്‍ മമ്മൂട്ടി. കനത്ത ആഘാതങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരമാണ്. അവിടെ ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ് എന്നും മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ കുറിപ്പ്:

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.

നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാനദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്തു നില്‍ക്കാം .നമുക്കൊരു മിച്ചു നില്‍ക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയര്‍ന്നുനില്‍ക്കാം.

https://www.facebook.com/Mammootty/posts/10158703646492774

Related posts

Leave a Comment