പ്രതിഷേധം ശമിക്കാതെ ഇറാന്‍; മഹ്സയുടെ കബറിടത്തിലേക്ക് വന്‍ മാര്‍ച്ച്‌

ടെഹ്റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണപ്പെട്ട മഹ്സ അമിനിയുടെ കബറടക്കത്തിന്‍റെ 40-ാം ദിനമായ ഇന്നലെ അവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു വന്‍ മാര്‍ച്ച്‌ നടന്നു.
കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വിസ് നഗരത്തില്‍ പ്രതിഷേധപരിപാടികള്‍ തടയുന്നതിനു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും റാലിയില്‍ സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. ‘സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം, ഏകാധിപതിക്കു മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി.

കുര്‍ദ് വംശജയായ മഹ്സ കഴിഞ്ഞമാസം 13ന് ടെഹ്റാനിലാണു മരിച്ചത്. 17നു നടന്ന സംസ്കാരത്തിനു പിന്നാലെ സാക്വിസ് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട ഹിജാബ്‌ വിരുദ്ധ പ്രക്ഷോഭം ഇറാനിലുടനീളം പടര്‍ന്നു.

ശിരോവസ്ത്രം പറിച്ചെറിഞ്ഞും മുടി മുറിച്ചും നടക്കുന്ന പ്രക്ഷോഭത്തോട് സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ 29 കുട്ടികളടക്കം 234 പേരുടെ മരണത്തിനിടയാക്കി.

കബറടക്കത്തിന്‍റെ 40-ാം ദിനം ഇറാന്‍ ജനതയ്ക്കു പ്രത്യേക പ്രാധാന്യമുള്ളതിനാല്‍ വലിയ പ്രതിഷേധം പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. കലാപം നേരിടുന്ന പോലീസിനെയും അര്‍ധസൈന്യത്തെയും സാക്വിസില്‍ വിന്യസിച്ചിരുന്നു. റാലിയുമായി ബന്ധപ്പെട്ട് ഗതാഗതം സ്തംഭിക്കുകയോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ലെന്നാണു കുര്‍ദ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചത്.

Related posts

Leave a Comment