പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല

മലപ്പുറം: എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല-വിനീഷ് ഇങ്ങനെയാണ് പൊലീസിനോട് കുറ്റ സമ്മതം നടത്തിയത്. നിയമ വിദ്യാര്‍ത്ഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമില്‍ ഉറങ്ങുക ആയിരുന്നു. പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി അച്ഛന്റെ പെരിന്തല്‍മണ്ണയിലെ കടയ്ക്ക് തീവച്ചു. പേപ്പറുകള്‍ കൂട്ടി തീ ഇടുകയായിരുന്നു. 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്. കട കത്തിച്ച ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി. അതും കാല്‍നടയായി ഒറ്റയ്ക്ക്. പുലര്‍ച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി. പകയുമായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയില്‍ രാവിലെ തന്നെ അച്ഛന്‍ പുറത്തേക്ക് പോയി.
വീട്ടുകാര്‍ വാതില്‍ തുറന്ന തക്കം നോക്കി. അകത്തു കടന്നു. അതിന് ശേഷം കത്തിയും വീട്ടിനുള്ളില്‍ നിന്ന് കൈക്കലാക്കി. അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളില്‍ പാത്തിരുന്നു. പതിയെ ദൃശ്യയുടെ മുറിയില്‍ എത്തി. ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി. 21 തവണ കുത്തിയതിന് പിന്നില്‍ മനസ്സിലെ പകയായിരുന്നു. അതിന് ശേഷം ദൃശ്യയുടെ അമ്മയേയും അനുജത്തിയേയും കൊന്ന് വീടിന് തീ ഇടകുയായിരുന്നു ലക്ഷ്യം. എന്നാല്‍ അനുജത്തി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തി. വനീഷ് ഓടി മറയുകയും ചെയ്തു.
പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോള്‍ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെത്. രണ്ട് സഹോദരന്മാര്‍ കൂടി ഉണ്ട്.
ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ ബി.ബി.എ.-എല്‍.എല്‍.ബി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ. പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തിയ കുട്ടി. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്. പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവര്‍ഷത്തെ കോഴ്‌സിനായി ലക്കിടിയിലെ കോളേജിലെത്തിയത്. ആദ്യവര്‍ഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് രണ്ടുവര്‍ഷവും ഓണ്‍ലൈനായായിരുന്നു ക്ലാസ്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി. കഴിഞ്ഞദിവസം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകള്‍ ദൃശ്യ വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും നാട്ടുകാരറിഞ്ഞത്. കൊലപാതകത്തിന് പുറമേ സി.കെ. ടോയ്സിന് തീയിട്ട സംഭവത്തിന് പിന്നിലും വിനീഷ് വിനോദായിരുന്നു.
പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നതായാണ് വിവരം. ഇയാള്‍ ദൃശ്യയോട് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദൃശ്യയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍കിയിരുന്നു. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച്‌ നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.
കഴിഞ്ഞദിവസം രാത്രി ഒമ്ബതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള സി.കെ. ടോയ്സില്‍ തീപ്പിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്.
രാത്രി പത്തരയോടെ തീയണച്ചെങ്കിലും തീപ്പിടിക്കാന്‍ കാരണമെന്തായിരുന്നു എന്ന് വ്യക്തമായിരുന്നില്ല. ഇതേക്കുറിച്ച്‌ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് വിനോദ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം യുവതിയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയില്‍നിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനിടെ ബാലചന്ദ്രന്റെ സ്ഥാപനത്തിന് തീയിട്ടത് താനാണെന്ന് പ്രതി വിളിച്ചുപറഞ്ഞു.
രാത്രി സ്ഥാപനത്തിന് തീയിട്ട ശേഷം ഇയാള്‍ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് കരുതുന്നത്. രാത്രിമുഴുവന്‍ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.

Related posts

Leave a Comment