പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ ഹോംഗാര്‍ഡ് ആശുപത്രിയില്‍

അമ്ബലപ്പുഴ : നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു.

തലയ്ക്കു പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. പ്രദേശത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു യുവാക്കളെ പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനു പുന്നപ്ര ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതേത്തുടര്‍ന്നു സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞു വെച്ചു. ജീപ്പിനു നേരെ കല്ലേറുമുണ്ടായി. ഇന്‍സ്‌പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാത്രി സ്റ്റേഷനു മുന്നിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു.

Related posts

Leave a Comment