‘പോക്സോ കേസിൽ കെ സുധാകരന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി’; ക്രൈംബ്രാഞ്ചിനെതിരെ മോൻസൻ

കൊച്ചി:  പോക്‌സോ കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പേര് പറയാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ.

പോക്സോ കേസിൽ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മോൻസൻ ഇക്കാര്യം പറഞ്ഞത്.

തന്റെ കൈയ്യിൽ നിന്ന് സുധാകരൻ 25 ലക്ഷം വാങ്ങിയെന്ന് പറയാനും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് മോൻസൻ കോടതിയിൽ പറഞ്ഞു.

പോക്സോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൻ കോടതിയെ അറിയിച്ചത്.

പോക്സോ കേസിൽ വിധി വന്നതിന് പിന്നാലെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപമുള്ള പെട്രോൾ പമ്പിൽ എത്തിച്ച ശേഷമായിരുന്നു ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയത്.

പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴി നൽകിയില്ലെങ്കിൽ ഭാര്യയും മക്കളും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നായിരുന്നു ഭീഷണി.

എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് ഡി വൈ എസ് പി പറഞ്ഞതായും മോൻസൻ കോടതിയെ അറിയിച്ചു

ഇത് കൂടാതെ കേസിലെ പരാതിക്കാരിൽ ഒരാളായ അനൂപിൽ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനാണെന്ന് പറയാനും ഭീഷണിയുണ്ടായി.

ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ ഇതിന് സാക്ഷികളായിരുന്നുവെന്നും മോൻസൻ കോടതിയിൽ പറഞ്ഞു.

അതേസമയം മോന്‍സന്‍റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ ജില്ലാ സെഷൻസ് കോടതി നിര്‍ദ്ദേശം നല്‍കി.

 

Related posts

Leave a Comment