പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം വരും വരെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കി.

പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ ഇന്നലെ പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം വരും വരെ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്മാന്‍ പരാതിപ്പെട്ടിരുന്നു. നിയമഭേദഗതി പ്രകാരം വരുന്ന ആദ്യ പരാതിയായിരുന്നു ഇത്. നിലവില്‍ നിയമഭേദഗതിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചതോടെ ഈ കേസിലടക്കം നടപടിയെടുക്കാന്‍ പൊലീസിന് സാധിക്കില്ല.

Related posts

Leave a Comment