പൊലീസ് തൊപ്പിയില്‍ നിന്ന് വക്കീല്‍ കോട്ടിലേക്ക്; നിയമപോരാട്ടത്തില്‍ പുതുവഴിയുമായി സെന്‍കുമാര്‍

കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരാന്‍ അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നിയമ പോരാട്ടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകള്‍ വാദിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ബാച്ചിലെ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാര്‍ എന്റോള്‍ ചെയ്തത്.

നിയമ പോരാട്ടങ്ങള്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സര്‍വീസുമായി ബന്ധപ്പെട്ടും ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ടും ഒട്ടേറെ കേസുകളില്‍ സെന്‍കുമാര്‍ നിയമപോരാട്ടം തുടരുകയാണ്. പൊലീസ് ജോലി വിടേണ്ടി വന്നാല്‍ അഭിഭാഷകനാകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെന്‍കുമാര്‍ പറഞ്ഞു. പൊതുരംഗത്ത് സജീവമായി തുടരാന്‍ അഭിഭാഷക ജോലി സഹായിക്കും. ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും അഭിഭാഷകജീവിതവും മുന്നോട്ടുകൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് സെന്‍കുമാര്‍.

Related posts

Leave a Comment