കോഴിക്കോട്: തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ പരാതി നല്‍കിയ യുവതി. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ കമ്മിഷണര്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണ്. അന്വേഷണത്തിന് ഫ്ലാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണറുടെ പെരുമാറ്റം മോശമായിരുന്നുവെന്നും പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട്. എന്നാല്‍ ഫ്ലാറ്റ് എടുത്തത് സ്വന്തംനിലയിലാണ്. സംഗീതത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വീട്ടില്‍ നിന്ന് മാറിയത്. തന്നെ തട്ടിക്കൊണ്ട് പോയെന്ന അമ്മയുടെ പരാതി യാഥാര്‍ഥ്യമല്ല.
ഫ്ലാറ്റില്‍ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയത്. പേടികൊണ്ടാണ് ഒപ്പിട്ടത്.
യുവതിയുടെ സുഹൃത്തും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനുമായ ഉമേഷ് വള്ളിക്കുന്നിലിനെ പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നറിയിച്ച് കഴിഞ്ഞദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ യുവതിയെ സ്വന്തം നിലയില്‍ ഫ്ലാറ്റില്‍ താമസിപ്പിച്ചു.
നിത്യസന്ദര്‍ശകനെന്ന പരാതിയും ലഭിച്ചിരുന്നു. യുവതിയുടെ പേരുള്‍പ്പെടെ ചേര്‍ത്ത് മോശം പരാമര്‍ശങ്ങളും കമ്മിഷണറുടെ സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. ഇതിനെതിരെയാണ് യുവതി ഐജിക്ക് പരാതി നല്‍കിയത്.