അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ തെളിവെടുപ്പിനായി ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചില്‍ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടില്‍ എത്തിച്ചത്.
സൂരജ് വീട്ടിലേക്ക് പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്.രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്.
ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നിനി മറ്റെവിടേയും തെളിവെടുപ്പ് ഉണ്ടാകില്ല.
ഉത്ര പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ ഞായറാഴ്ചയാണ് ഭര്‍ത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. സൂരജിന്റെ സുഹൃത്ത്, ബന്ധു എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാമ്ബ് പിടിത്തക്കാരനാണ് അറസ്റ്റിലായ സൂരജിന്റെ സുഹൃത്ത്. മൂന്നുപേരുടെയും അറസ്റ്റ് ക്രൈം ബ്രാഞ്ച് ഞായറാഴ്ച തന്നെ രേഖപ്പെടുത്തി.
സൂരജിന് പാമ്ബ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്ബുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്ബിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നല്‍കി. സൂരജിന് പാമ്ബ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഉത്രയുടെ കുടുംബമാണ് സൂരജിനെതിരെ നേരത്തെ രംഗത്തെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂരജിന്റെ ഫോണ്‍ പരിശോധിച്ചിരുന്നു.
രാത്രി ഭര്‍ത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്ബ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമില്‍ നടത്തിയ തിരച്ചിലില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തുകയും ചെയ്‌തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്ബ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്ബിനെ തല്ലിക്കൊല്ലുകയും ചെയ്തു. വീട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്.
സൂരജും മകനും അതേ മുറിയില്‍ ഉണ്ടായിരുന്നിട്ടും പാമ്ബ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്ബ് കടിച്ചതും മരിച്ചതും താന്‍ അറിഞ്ഞില്ലെന്നാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. ഇതില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ അന്വേഷണം സൂരജിനെതിരായി.
മാര്‍ച്ച് 2ന് അടൂര്‍ പറക്കോടുള്ള ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്‌ക്ക് പാമ്ബ് കടിയേറ്റിരുന്നു. അന്ന് പാമ്ബ് കടിയേറ്റതിനെ തുടര്‍ന്ന് ഉത്തരയെ പുഷ്‌പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടില്‍ ചികിത്സ തുടരുമ്ബോഴാണ് ഉത്തരയ്ക്ക് വീണ്ടും പാമ്ബ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാല്‍ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. രണ്ടാമത് പാമ്ബ് കടിയേറ്റു മരിച്ച ദിവസം ഭര്‍ത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.
.