തിരുവനന്തപുരം: പേട്ടയില്‍ 19-കാരന്റെ കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി സൈമണ്‍ ലാലന് കുറ്റ സമ്മതം നടത്തി.
മകളുടെ മുറിക്കുള്ളില്‍ ഉണ്ടായിരുന്നത് അനീഷ് ജോര്‍ജാണെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാന്‍ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമണ്‍ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാന്‍ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാന്‍ സൈമണ്‍ ലാലന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു.
സൈമണ്‍ ലാലന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് മൂവരും പോലീസില്‍ മൊഴി നല്കി. കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമണ്‍ ലാലന് നേരത്തേ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു കളവാണെന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വീടിന്റെ മുന്‍വശത്തെ വാതിലും അടുക്കള വാതിലും അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ മോഷണശ്രമം നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അനീഷിനെ സൈമണ്‍ വീട്ടില്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം പോലീസ് സംഘം സൈമണ്‍ ലാലന്റെ വീട് സീല്‍ ചെയ്തിരുന്നു. ഭാര്യയെയും മക്കളെയും ബന്ധു വീട്ടിലേക്ക് മാറ്റി.