കോഴിക്കോട് : മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ പണിക്കിടെയാണ് അപകടം സംഭവിക്കുന്നത്. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. മഴയെ തുടര്‍ന്ന് ഏഴ് മീറ്റര്‍ ഉയരമുള്ളിടത്ത് സംരക്ഷണഭിത്തി കെട്ടുന്നതിനിടെയാണ് അപകടം നടക്കുന്നത്. മണ്ണിടിച്ചില്‍ ഭയന്ന് അടിഭാഗം കമ്ബിയിട്ട് ഉയര്‍ത്തി ക്കെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ താഴെ നിന്ന് ജോലി ചെയ്യുന്നതിനിടെ ഇവരുടെ മേലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മതില്‍ കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങി. ഇങ്ങനെ മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. ഒരു മണിക്കൂറോളം അപകടത്തില്‍പ്പെട്ട് ബൈജു മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
മണ്ണിടിഞ്ഞ ഭാഗത്തിന് തൊട്ടുമുകളില്‍ വീടുകളാണ്. ഈ വീടുകള്‍ മതില്‍കെട്ടി സംരക്ഷിക്കാനുളള നീക്കത്തിനിടെയാണ് അപകടം. മതിലിടിഞ്ഞുവീണ പ്രദേശത്തിന് മുകള്‍ഭാഗത്തുള്ള മൂന്ന് വീട്ടുകാരോട് അപകടസാധ്യത കണക്കിലെടുത്ത് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.