പെണ്‍പട പോരിനിറങ്ങി, വെട്ടിലായി ഇമ്രാന്‍ഖാനും സംഘവും : പാക്കിസ്ഥാനില്‍ പുതിയ പോര്‌

ഇസ്ലാമാബാദ് : ആഭ്യന്തര കലാപ അന്തരീക്ഷത്തിനു പുറമേ പാക്കിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് പാക്ക് സര്‍ക്കാരിനും സൈന്യത്തിനെതിരെ തെരുവില്‍ അണിനിരന്നത്.

ലാഹോറില്‍ നടന്ന കൂട്ടബലാല്‍സംഗത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം രൂക്ഷമാകുന്നത്. സെപ്റ്റംബര്‍ പതിനൊന്നാം തീയതിയാണ് ഫ്രഞ്ച് സ്വദേശിനിയായ യുവതി ഹൈവേയില്‍ കൂട്ടബലാല്‍സംഗത്തിനിരയാകുന്നത്. ലാഹോറില്‍ നിന്നും ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്ന് യുവതിയും കുഞ്ഞുങ്ങളും വഴിയില്‍ കുടുങ്ങിയിരുന്നു. സഹായത്തിനു വിളിച്ച ബന്ധുക്കളെ കാത്തിരിക്കുമ്ബോള്‍ അവിടെയെത്തിയ രണ്ടുപേര്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത്‌ യുവതിയെ വലിച്ചിറക്കി സമീപത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു അക്രമം. ശേഷം, യുവതിയുടെ പണവും എ.ടി.എം കാര്‍ഡും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

പിന്നീട് പരാതി നല്‍കിയപ്പോള്‍, എന്തിന് രാത്രി പുറത്തിറങ്ങിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം. കൂടെ പുരുഷന്മാരില്ലാതെ ഒറ്റയ്ക്ക് എന്തിന് ഇത്രയും വൈകി യാത്ര ചെയ്തുവെന്ന ലാഹോര്‍ പോലീസ് ഓഫീസര്‍ ഉമര്‍ ഷെയ്ഖിന്റെ ചോദ്യം വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പാക് പ്രതിപക്ഷം ഇതൊരവസരമായി കണ്ട് ഏറ്റെടുത്തു.സൈന്യവും ഭരണകൂടവും തമ്മില്‍ സംഘര്‍ഷം പുകയുന്ന ഈ സമയത്തെ പൊതുജന പ്രക്ഷോഭം, പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.

Related posts

Leave a Comment