കൊല്‍ക്കത്ത: ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മകനെ ആരെങ്കിലും കുടുക്കിയതാകാമെന്ന അഭിപ്രായവുമായി പ്രതി സഞ്ജയ് റോയിയുടെ അമ്മ.
സംഭവത്തിന് ശേഷം മകനെ കാണാൻ സാധിച്ചിട്ടില്ലെന്നും, പെണ്‍മക്കളാരും തന്നെ തിരക്കി വീട്ടിലേക്ക് വന്നിട്ടില്ലെന്നും ഇവർ പറയുന്നു.
” പ്രശ്‌നം ഉണ്ടായതിന് ശേഷം എന്റെ പെണ്‍മക്കളാരും ഇവിടെ വീട്ടിലേക്ക് വന്നിട്ടില്ല. നാല് പേരും എന്നെ ഉപേക്ഷിച്ച് പോയി. എനിക്ക് നല്ലൊരു മകനുണ്ടായിരുന്നു. നല്ലൊരു കുടുംബവും ഉണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം എല്ലാം താളംതെറ്റി. അന്ന് സന്തോഷത്തോടെ ജീവിച്ച ആ കുടുംബം ഇന്നെനിക്ക് ഓർമ്മ മാത്രമാണ്. മകനെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ആരും എന്നെ അവിടേക്ക് കൊണ്ടുപോയില്ല,
എന്റെ പെണ്‍മക്കളും മരുമക്കളും ആരും ഇപ്പോള്‍ ഇവിടേക്ക് വരുന്നില്ല. കോടതിയില്‍ എങ്ങനെ അപ്പീല്‍ നല്‍കണമെന്ന് എനിക്ക് അറിയില്ല. അവൻ കോളേജില്‍ പഠിച്ച് ബിരുദം നേടിയിട്ടുണ്ട്. എൻസിസിയുടെ ഭാഗമായിരുന്നു. അവൻ ബോക്‌സിംഗും പഠിച്ചിട്ടുണ്ട്. സഞ്ജയുടെ അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. ഞാനും അതുപോലെ ആയിരുന്നുവെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും” അമ്മ പറയുന്നു.
സഞ്ജയ് നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും അതില്‍ മൂന്ന് പേർ ഇയാളെ ഉപേക്ഷിച്ച് പോയതാണെന്നുമുള്ള അയല്‍ക്കാരുടെ വാദങ്ങളും ഇവർ നിഷേധിച്ചു. ” സഞ്ജയുടെ ആദ്യ ഭാര്യ നല്ലൊരു പെണ്‍കുട്ടി ആയിരുന്നു. പക്ഷേ കാൻസർ പിടിപെട്ട് അവള്‍ മരിച്ചു. അതിന് ശേഷമാണ് അവൻ മദ്യപിക്കാൻ തുടങ്ങിയത്. ആ ശീലം മാറ്റാൻ ഞാൻ ശ്രമിച്ചിരുന്നു. വിഷാദത്തിന്റെ പുറത്താകാം ആ ശീലം തുടങ്ങിയത്. എങ്കില്‍ പോലും വീട്ടിലെ എല്ലാക്കാര്യങ്ങളും അവൻ തന്നെ ശ്രദ്ധിക്കുമായിരുന്നു.
സംഭവദിവസം രാത്രിയില്‍ അവൻ അത്താഴം കഴിക്കാതെയാണ് ആശുപത്രിയിലേക്ക് പോയത്. അസാധാരണമായ രീതിയിലുള്ള പെരുമാറ്റം ഒരിക്കലും തോന്നിയിട്ടില്ല. അവൻ ആരേയും ഉപദ്രവിക്കുന്ന ആളല്ല. ആരെങ്കിലും അവനെ കുടുക്കിയതാണെങ്കില്‍ ആ വ്യക്തിക്ക് ശിക്ഷ ലഭിക്കും. മറിച്ച് അവൻ കുറ്റക്കാരനാണെങ്കില്‍ അവനുള്ള ശിക്ഷ ദൈവം കൊടുക്കും. അവനെ കാണാൻ പറ്റിയാല്‍ എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കുമെന്നും” അമ്മ പറയുന്നു.