ന്യൂഡല്‍ഹി: ബ്രിജ്ഭൂഷന് സിംഗിനെതിരേയുള്ള ആരോപണം പ്രായപൂര്‍ത്തിയാകാത്ത കായികതാരത്തിന്റെ പിതാവ് പിന്‍വലിച്ചെങ്കിലും ദേശീയ ഗുസ്തി ഫെഡറേഷന് തലവനെതിരേ വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റഫറി രംഗത്ത്.
ബ്രിജ്ഭൂഷന് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നതും അടുത്തുവന്നു നില്ക്കാന് ആവശ്യപ്പെടുന്നതായും കണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് കേസിലെ സാക്ഷികളില്‍ ഒരാളും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബീര്‍ സിംഗാണ്.
അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല. എന്നാല്‍ പെണ്‍കുട്ടി എന്തോ പിറുപിറുത്തുകൊണ്ട് അയാളെ തള്ളിമാറ്റി സ്വയം മോചിതയായി.
ബ്രിജ്ഭൂഷന്റെ തൊട്ടരികിലായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്.
പെണ്‍കുട്ടിയെ അയാള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നതും അടുത്തുവന്നു നില്ക്കാന് പറയുന്നതും കണ്ടു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ക്ക് മോശമായ എന്തോ സംഭവിച്ചുവെന്ന് മനസ്സിലായി.
എന്നാല്‍ എന്താണ് ചെയ്തതെന്ന് വ്യക്തമായി ഞാന്‍ കണ്ടില്ല.
എന്നാല്‍ അവരുടെ പ്രതികരണം ഞാന്‍ കണ്ടിരുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ജഗ്ബീര്‍ സിംഗ് പറഞ്ഞു.
2007 മുതല്‍ അന്താരാഷ്ട്ര റഫറിയാണ് ജഗ്ബിര്‍ സിംഗ്. കേസില്‍ 125 സാക്ഷികളില്‍ ഒരാളും ഒളിമ്ബ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവുമാണ്.
കഴിഞ്ഞ ദിവസമാണ് ബ്രിജ്ഭൂഷണെതിരേ എടുത്ത പോക്സോ കേസില്‍ മകള്‍ക്ക് പീഡനം ഏറ്റിട്ടില്ലെന്നും മത്സരത്തില്‍ വിവേചനം കാട്ടിയതിനുള്ള പ്രതികാരമായിട്ടാണ് പരാതി നല്‍കിയതെന്നും പറഞ്ഞത്.
ജൂണ്‍ 15 ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ പെണ്‍കുട്ടിയുടെ പിതാവിന്റെ പിന്മാറ്റം കേസ് ദുര്ബ്ബലപ്പെടുത്തുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജഗ്ബീര്‍ സിംഗ് ഗുസ്തി ഫെഡറേഷന് തലവനെതിരേ ആരോപണം ഉന്നയിച്ചത്.
ബ്രിജ്ഭൂഷനെതിരേ ഏഴു വനിതാ താരങ്ങളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതില്‍ ഏറ്റവും ഗൗരവതരമാകുക പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നല്കിയ പരാതിയായിരുന്നു.
ഫോട്ടോസെഷനിടെ സ്വകാര്യഭാഗങ്ങളില്‍ ബ്രിജ്ഭൂഷന് സിംഗ് സ്പര്‍ശിച്ചെന്നാണ് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
എതിര്‍ത്തപ്പോള്‍ ബ്രിജ്ഭൂഷണ് ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനായി ലക്നൗവില്‍ നടന്ന ട്രയല്‍സില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോഴായിരുന്നു ബ്രിജ്ഭൂഷന്റെ മോശമായ രീതിയിലുള്ള സ്പര്‍ശം.
”ഗുസ്തിക്കാരില്‍ ഏറ്റവും ഉയരമുള്ള ആളായതിനാല്‍, ഞാന്‍ അവസാന നിരയിലാണ്. അവിടെ നിന്നു കൊണ്ട് മറ്റുള്ളവര്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യാനായി വരാന്‍ കാത്തിരിക്കുമ്ബോള്‍, പ്രതി വന്ന് എന്റെ അരികില്‍ നിന്നു.
ഞാന്‍ ഞെട്ടുകയൂം അമ്ബരക്കുകയും ചെയ്തു.
പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തില്‍ പതിഞ്ഞതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ അവിടെ തന്നെ കൈകള്‍ വെച്ചിരിക്കുകയാണ്.
ഈ സ്പര്ശനത്തില് നിന്ന് മാറി സ്വയം സംരക്ഷിക്കുന്നതിനായി ഉടന്‍ തന്നെ അവിടെ നിന്നും മാറാന്‍ നോക്കി.
എന്നാല്‍ അയാള്‍ എന്റെ തോളില്‍ പിടിച്ച് ബലമായി അവിടെ നിര്‍ത്തി.
ഒടുവില്‍ എങ്ങനെയോ പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു.
ഫോട്ടോ എടുക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ അയാളില്‍ നിന്നും മാറി ഒന്നാം നിരയില്‍ പോയിരുന്നു.
” ഗുസ്തിതാരം എഫ്ഐആറില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്.
തന്റെ അറിവോ സമ്മതമോ കൂടാതെ സിംഗ് നടത്തിയ വളരെ നീചമായ എതിര്‍പ്പ് ഉളവാക്കുന്ന നടപടിയെന്ന് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തേ മറ്റൊരു പരാതിക്കാരിയുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.
വിദേശത്തെ ഒരു ടൂര്‍ണമെന്റില്‍ ബ്രിജ് ഭൂഷണ് മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി ആലിംഗനം ചെയ്തെന്നായിരുന്നു ആരോപിച്ചത്.