പെട്രോള്‍ വാങ്ങാന്‍ ഒരു കി.മീ. ഓട്ടോയില്‍ പോയി : ലക്ഷ്യമിട്ടത് ട്രെയിന്‍ ബോഗി പൂര്‍ണമായും കത്തിക്കാന്‍; തീവ്രവാദബന്ധമെന്ന് കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് സൂചന.

ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി വിവരമുണ്ട്.

വലിയ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നും ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതിയെന്നും കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്‍.ഐ.എ യും ഐ.ബിയുമാണ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച്‌ അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു.

യാത്രയില്‍ ഷാറൂഖിന്‍റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി കൂടുതല്‍വിവരങ്ങള്‍ കണ്ടെത്തിയത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ.യും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

രണ്ട് ഏജന്‍സികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

മൂന്ന് കുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമായാണ് ഷാരൂഖ് എത്തിയത്.

ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നതായും കൃത്യമായ സഹായം കിട്ടിയതായിട്ടുമാണ് കണ്ടെത്തല്‍.

മാസങ്ങളോളം നീണ്ട പ്രചോദനവും പരിശീലനവും നല്‍കിയാണ് ഷാരൂഖിനെ അയച്ചത്.

എന്നാല്‍ പരിശീലനക്കുറവാണ് കൃത്യം പാളിപ്പോകാന്‍ കാരണമായത്.

ആശയപരമായ പ്രചോദനങ്ങള്‍ നല്‍കാന്‍ വന്‍ സംഘം പിന്നില്‍ പ്രവത്തിച്ചു. ആക്രമണത്തിനായി കേരളവും ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് തെരഞ്ഞെടുത്തതിലും വലിയ ആസൂത്രം നടന്നു. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാനും കൃത്യമായ ആസൂത്രണത്തോട് കുടിയ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

കൃത്യത്തിന് ശേഷം രക്ഷപ്പെടാനും ഷാരൂഖിന് സഹായം കിട്ടിയിട്ടുണ്ടാകണമെന്നാണ് ഏജന്‍സികളുടെ സംശയം.

ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നുമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പമ്ബില്‍ ഓട്ടോറിക്ഷയില്‍ എത്തിയാണ് പെട്രോള്‍ വാങ്ങിയത്.

രണ്ടു ക്യാനുകളിലായി നാലു ലിറ്റര്‍ പെട്രോളാണ് വാങ്ങിയതെന്നാണ് വിവരം. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പമ്ബ് ഒഴിവാക്കിയത് ആസൂത്രിതമാണെന്നും സംശയിക്കുന്നു.

വലിയ തിരക്കുള്ള സമയത്തായിരുന്നു പെട്രോള്‍ വാങ്ങാന്‍ വന്നതെന്നാണ് വിവരം.

സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപിലാണ് ഷാരൂഖിന്റെ ചോദ്യം ചെയ്യല്‍.

ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

Related posts

Leave a Comment