പെട്ടിമുടി ഉരുള്‍പൊട്ടല്‍, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി; 21 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മാറി പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് ലഭിച്ചത്. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്താനുള്ളവരില്‍ അധികവും കുട്ടികളാണ്.

നിലവിലെ തെരച്ചലിന് വലിയ പാറക്കൂട്ടങ്ങളാണ് തടസം സൃഷ്‌ടിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് തീരുമാനം. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. തിരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മരിച്ചവരുടെ ബന്ധുക്കളായ ആയിരത്തിലേറെ പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്‌മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അമ്ബതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക.

Related posts

Leave a Comment