‘പൂന്തുറ ഒരു മുന്നറിയിപ്പാണ്, കേരളത്തിലെ നഗരങ്ങളും ജനത്തിരക്കേറിയ പ്രദേശങ്ങളിലും രോഗ വ്യാപന ഭീഷണിയുടെ നിഴലിലാണ്’

‘ഒരാളുടെ മാത്രം പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത് 120 പേര്‍. 600 പേരെ പരിശോധിച്ചതില്‍ 119 പേരും കോവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 54 പേര്‍ക്ക്’. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗ ബാധയുടെ സൂപ്പര്‍ സ്പ്രഡ് എന്ന് സ്ഥിരീകരിച്ച പൂന്തുറ മേഖലയിലെ കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗ ബാധയുടെ കണക്കാണിത്. ഈ പ്രദേശത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 90 ശതമാനത്തിനും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു,

മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ സുപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന പൂന്തുറ മേഖല. ഒരു രോഗിയില്‍ നിന്നും നിരവധി പേരിലേക്ക് വൈറസ് വ്യാപിക്കുന്ന അവസ്ഥ. പ്രദേശത്തെ കുമരിച്ചന്തയെ ഇതിനോടകം തന്നെ ചെന്നൈ നഗരത്തില്‍ രോഗ വ്യാപനത്തിന് കാരണമായ കോയമ്ബേട് മാര്‍ക്കറ്റിനോട് താരതമ്യം ചെയ്യുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞിരിക്കുന്നു. തിരക്കേറിയ മാര്‍ക്കറ്റില്‍ പലരും മീന്‍ വാങ്ങാനെത്തിയിരുന്നു.

കന്യാകുമാരിയില്‍ നിന്ന് കുമരിച്ചന്തയില്‍ മത്സ്യമെത്തിച്ച്‌ വില്‍പ്പന നടത്തിയ വ്യക്തിയില്‍ നിന്നാണ് ഈ മേഖലയില്‍ ആദ്യ കേസ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ ഇതേ തരത്തില്‍ കന്യാകുമാരി ഉള്‍പ്പെടെ തമിഴ്നാടുമായി ബന്ധമുള്ള നിരവധി പേരുള്ളതിനാല്‍ ഒന്നില്‍ അധികം പേരില്‍ നിന്നും രോഗ വ്യാപനം ഉണ്ടായിട്ടുള്ളതായും കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ തന്നെ രോഗബാധയുടെ തമിഴ്നാട് ബന്ധവും പരിശോധിച്ച്‌ വരികയാണ് അധികൃകര്‍.

ഹൈറിസ്ക് വിഭാഗത്തില്‍പെടുന്ന 4000ത്തിലധികം വയോധികരും ഇതില്‍ 200ലധികം പാലിയേറ്റിവ് രോഗികളും ഈ മേഖലയില്‍ ഉണ്ടെന്നാതാണ് ആരോഗ്യ വകുപ്പിന് മുന്നിലുള്ള വലിയ വെല്ലുവിളി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയെന്ന പ്രത്യേകതയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ആകെ ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ആളുകളെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയും രോഗ വ്യാപനത്തിന്റെ തോത് കണക്കാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് അരോഗ്യ വകുപ്പ് നീക്കം നടത്തുന്നത്.

എന്നാല്‍, കേരളത്തില്‍ എവിടെയും ഏത് സമയത്തും സംഭവിക്കാവുന്ന ഒരു രോഗവ്യാപനത്തിന്റെ സൂചനയാണ് പൂന്തുറയില്‍ കണ്ടെതെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ദരുടെ അഭിപ്രായം. പരിശോധന പരമാവധി വ്യാപിപ്പിച്ച്‌ കൊണ്ടും മുന്‍രുതലുകള്‍ കൃത്യമായി പാലിച്ചും മാത്രമേ ഇത്തരം ഒരു സാഹചര്യത്തെ മറികടക്കാനാവു എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകം വൈസ് പ്രസിഡന്റായ ഡോ. സുല്‍ഫി നൂഹു പറയന്നത്. പൂന്തുറയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൂന്തുറ മേഖലയില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത് പോലെ തന്നെ ഒരു ഔട്ട് ബ്രേക്ക് ഉണ്ടായിട്ടുണ്ട്. അതിന്റെ സാഹചര്യങ്ങള്‍ വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. തമിഴ്നാട് പോയിവന്നവരില്‍ നിന്ന് രോഗ വ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. അതിന് സാഹചര്യങ്ങളും അധികമാണ്. വൈറസ് ലോഡ് കൂടുതലുള്ള ആളുകള്‍ക്ക് മറ്റ് നിരവധി പേര്‍ക്ക് രോഗം പകര്‍ന്ന് നല്‍കാനാവും. അങ്ങനെ ആയിരിക്കണം ഒരു വലിയ ഗ്രൂപ്പിലേക്ക് വൈറസ് എത്തിയത്.

പുന്തുറ ഒരു സൂചനയാണ്. സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഈ സാഹചര്യം ഉണ്ടാവാന്‍ സാധ്യത വളരെ അധികമാണ്. തീരമേഖലകള്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള വലിയ നഗരങ്ങളിലെ ജനത്തിരക്കേറിയ പ്രദേശങ്ങള്‍ എല്ലാം ഇത്തരം ഭീഷണിക്ക് കീഴില്‍ തന്നെയാണ്.

ഇത്തരം രോഗ വ്യാപനം സംശയിക്കുന്ന ഇടങ്ങളില്‍ പരമാവധി ടെസ്റ്റുകള്‍ ചെയ്യുക എന്നതാണ് ഇതിനെ നേരിടാന്‍ ചെയ്യേണ്ട ആദ്യ നടപടി. രണ്ടാമത് ഇവിടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ടെസ്റ്റ് എന്നിവയാണ് അടിയന്തിരമായി ചെയ്യേണ്ടത്. പിന്നെ നമ്മള്‍ ഒരോരുത്തരും പാലിക്കേണ്ട് മുന്‍ കരുതലുകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മാസ്ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, ക്വാറന്റെയ്ന്‍, റിവേഴ്സ് ക്വാറന്റെയിന്‍ എന്നിവ കൃത്യമായി പാലിക്കുക എന്നിവയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്.

ഇതുവരെ പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 90 ശതമാനത്തിനും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിയായിരിക്കാം. കാരണം ദേശീയ തലത്തിലും ആഗോള തലത്തിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ രോഗം സ്ഥിരീകരിച്ച 80 മുതല്‍ 85 ശതമാനം വരെ പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലാത്തവരോ വളരെ മിനിമം രോഗ ലക്ഷണങ്ങളോ ഉള്ളവരാണ്. ഇതില്‍ തന്നെ പകുതിയോളം പേര്‍ക്ക് ഒരു രോഗ ലക്ഷണവും കാണിക്കാത്തവരാണ്. ഒരു മൂക്കൊലിപ്പ് പോലും കാണിക്കാത്ത ഇവര്‍ക്ക് രോഗം വന്ന് സുഖപ്പെടും. അതേ സാഹചര്യം തന്നെ ആയിരിക്കും ഇവിടെയും ഉണ്ടായിട്ടുള്ളത്.

നമുക്ക് മുന്നില്‍ ഇപ്പോഴും കോവിഡ് രോഗ വ്യാപനത്തിന്റെ വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും ഇപ്പോള്‍ രോഗ ബാധയുടെ ഉയര്‍ന്ന തോതില്‍ എത്തിയിട്ടില്ല. അത് ചിലപ്പോള്‍ ജൂലൈ അവസാനം അല്ലെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ചേക്കും. സെപ്തംബറില്‍ രണ്ടാമതൊരു രോഗ വ്യാപനം പോലും ആഗോളതലത്തില്‍ ഉണ്ടായേക്കാം. ഇപ്പോഴും നമ്മള്‍ അസുഖം നിയന്ത്രണ വിധേയം എന്ന നിലയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ചികില്‍സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ തയ്യാറായിട്ടുണ്ട്, രോഗത്തെ കുറിച്ച്‌ കൂടുതല്‍ വ്യക്തത വന്നു. വാക്സിന്‍ തുടങ്ങിയവ പരീക്ഷണം നടക്കുന്നു. എന്നിരുന്നാലും വലിയൊരു രോഗ ബാധയെ നേരിടാന്‍ നമ്മള്‍ ഒരുങ്ങിയിരിക്കണം, പോസിറ്റീവായി തന്നെ കാത്തിരിക്കണം.

എന്നാല്‍, പ്രായമായ ആളുകളില്‍ ഉള്‍പ്പെടെ പലരിലും അനാവശ്യമായ ഭയം രൂപം കൊണ്ടിട്ടുണ്ട്. അതിന്റെ ആവശ്യമില്ല. രോഗം ബാധിക്കുന്ന 85 ശതമാനത്തിനും ചെറുതായാണ് രോഗം ബാധിക്കുന്നത്. അതാണ് ഇതുവരെ നമുക്ക് മുന്നിലുള്ള ഉദാഹരണവും. അതില്‍ തന്നെ 15 ശതമാനം വരുന്നവര്‍ക്കെ ആശുപത്രി ചികില്‍സയുടെ ആവശ്യം വരുന്നുള്ളു. അതില്‍ 5 ശതമാനം പേര്‍ക്കെ വെന്റിലേറ്ററോ മറ്റ് ചികില്‍സയോ വേണ്ടിവരുന്നുള്ളു. അതിലെ രണ്ട് ശതമാനം മാത്രമേ മരിക്കുന്നുള്ളു. നമ്മള്‍ ഈ രണ്ട് ശതമാനത്തില്‍ പെട്ട് പോവുമെന്ന ചിന്ത എല്ലാവരും വച്ചു പുലര്‍ത്തേണ്ട ആവശ്യമില്ല.’ ഡോ. സുല്‍ഫി നൂഹു വ്യക്തമാക്കുന്നു.

അതേസമയം, തന്നെ പുന്തുറ മേഖലയില്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് ഇതിനോടകം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വ്യക്തമാക്കിയിട്ടുണ്ട്. പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കിയിരിക്കുകയാണ്. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം. കടല്‍ വഴി ആളുകള്‍ ഇവിടെയെത്തുന്നത് തടയാന്‍ തീരദേശ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളുമായാണ് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം. 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും. ജൂലൈ ഒന്‍പതിന് 0 മുതല്‍ 3 വരെ നമ്ബരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. ബാങ്ക,/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡും, കോസ്റ്റല്‍ പോലീസും ഉറപ്പാക്കും.

തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുന്നു. ഇതിന് പുറമെ പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായും നിയോഗിച്ചിട്ടുണ്ട്.

Related posts

Leave a Comment