പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് കെ.കെ ഏബ്രാഹം കസ്റ്റഡിയില്‍

വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റ് കെ.കെ ഏബ്രാഹം കസ്റ്റഡിയില്‍.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഏബ്രാഹമിനെ പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഏബ്രാഹമിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹകരണ ബാങ്കിന്റെ വായ്പ തട്ടിപ്പിന് ഇരയായ ഡാനിയല്‍ പറമ്ബക്കാട്ടിന്റെ പരാതിയില്‍ ആണ് നടപടി. വായ്പ നല്‍കിയത് നിയമപരമായാണെന്ന് കെ.കെ ഏബ്രാഹം പറഞ്ഞു.

വായ്പ നല്‍കിയത് നിയമോപദേശം തേടിയ ശേഷമാണ്. രേഖകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. വായ്പ നല്‍കിയ തുക എന്തു ചെയ്തു എന്ന് ബാങ്ക് അന്വേഷിക്കാറില്ല.

കെ.കെ ഏബ്രാഹവും കുടുംബവും ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയായ രാജേന്ദ്രന്‍ നായര്‍ എന്ന കര്‍ഷകന്‍ ഇന്നലെ ജീവനൊടുക്കിയിരുന്നു. കെ.കെ ഏബ്രാഹം പ്രസിഡന്റായിരിക്കേ ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

70,000 രൂപ വായ്പ എടുത്ത രാജേന്ദ്രന്‍ നായരുടെ വായ്പ 25 ലക്ഷമാണെന്നും പലിശയടക്കം 42 ലക്ഷം രൂപ തിരിച്ചടവുണ്ടെന്നും കാണിച്ച്‌ നോട്ടീസ് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

Related posts

Leave a Comment