തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. 28 കാരി മഹാലക്ഷ്മി ആണ് അറസ്റ്റിലായത്.
തുളുകക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൺമുഖവേലിൻ്റെ ഭാര്യ സീതാലക്ഷ്മി (58) ആണ് കൊല്ലപ്പെട്ടത്. പുരുഷവേഷവും ഹെൽമറ്റും ധരിച്ചെത്തിയ മഹാലക്ഷ്മി ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു സീതാലക്ഷ്മിയെ അടിച്ചുവീഴ്ത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. പുലർച്ചെ അഞ്ചുമണിയോടെ പശുത്തൊഴുത്തിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയ ഷൺമുഖവേൽ ആണ് ഭാര്യ സീതാലക്ഷ്മിയെ തലയിൽനിന്ന് രക്തം വാർന്ന നിലയിൽ നിലത്ത് കിടക്കുന്നതു കണ്ടത്.
ഷൺമുഖവേൽ നിലവിളിച്ചതോടെ മഹാലക്ഷ്മിയും ഓടിയെത്തി അലറിക്കരഞ്ഞു. ഇരുവരുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളോട് സ്വർണമാല കവരാനായി അജ്ഞാതൻ നടത്തിയ ആക്രമണമാണിതെന്നായിരുന്നു മഹാലക്ഷ്മി പറഞ്ഞത്.
അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി സീതാലക്ഷ്മിയെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയേറ്റു ഗുരുതര പരിക്കേറ്റ സീതാലക്ഷ്മി ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസിനെ വഴിതെറ്റിക്കാനായി സീതാലക്ഷ്മിയുടെ സ്വർണമാല മഹാലക്ഷ്മി മാറ്റിയിരുന്നു.
അജ്ഞാതൻ സ്വർണമാല കവരാനായി നടത്തിയ അക്രമമാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി പോലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്.സംഭവത്തിൽ ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച് അജ്ഞാതൻ വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
തുടരന്വേഷണത്തിൽ അക്രമി ധരിച്ച ട്രാക്ക് സ്യൂട്ട് മഹാക്ഷ്മിയുടെ ഭർത്താവിൻ്റേതാണെന്ന് പോലീസ് കണ്ടെത്തുകയും കൊലപാതകത്തിനു പിന്നിൽ മഹാലക്ഷ്മി ആണെന്ന് പോലീസ് മനസിലാക്കുകയും ആയിരുന്നു.
മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള വഴക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
സീതാലക്ഷ്മിയുടെ മകൻ രാമസാമിയുടെ ഭാര്യയാണ് പ്രതിയായ മഹാലക്ഷ്മി. രാമസാമിയെ വിവാഹം കഴിച്ച അന്നുമുതൽ മഹാലക്ഷ്മിക്ക് അമ്മായിയമ്മയോട് വിദ്വേഷം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സ്വത്ത് ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മഹാലക്ഷ്മിയെ റിമാൻഡ് ചെയ്തു. രാമസാമിക്കും മഹാലക്ഷ്മിയ്ക്കും രണ്ടു മക്കളുണ്ട്.