തലശേരി: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്കിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കു ഒളിവില്‍ കഴിയാന്‍ വീടു വിട്ടു നല്കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പ്രതിക്കു വീട് വിട്ടു നല്കിയതു പോലീസിനു ലഭിച്ച വിവരം.ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്.
രണ്ടു വര്‍ഷം മുമ്ബ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.