കോട്ടയം: അനിയന്ത്രിതമായ ജനക്കൂട്ടം വിലാപയാത്രയിലേക്കും പൊതുദർശനച്ചടങ്ങിലേക്കും ഒഴുകിയെത്തിയതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിലടക്കം മാറ്റംവരുത്തി.
ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയിൽ രാത്രി ഏഴരയ്ക്ക് പ്രാർഥനകളും ആരംഭിക്കും.
തിരുനക്കര മൈതാനത്തുനിന്ന് പുതുപ്പള്ളി തറവാട്ടിലേക്കുള്ള വിലാപയാത്ര ഉച്ചയ്ക്ക് 2:30ന് ആരംഭിക്കും. 4:30ന് തറവാട്ടിൽനിന്നു പുതിയ വീട്ടിലേക്ക് പൊതുദർശനത്തിനായി ഭൗതികദേഹം എത്തിക്കും.
പൊതുദർശനത്തിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. ഏഴുമണിക്ക് പുതിയ വീട്ടിൽനിന്നു പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികദേഹം കൊണ്ടുപോകും.
രാത്രി 7:30ന് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള പ്രാർഥനകൾ ആരംഭിക്കും. ഇതിനുശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.
അതേസമയം തിരുനക്കരയിൽ തിരക്ക് വർധിക്കുകയാണെങ്കിൽ ചടങ്ങുകളിൽ വീണ്ടും മാറ്റംവരുത്തിയേക്കും എന്നാണ് സൂചന.