പുതുപ്പള്ളിയിലെ പിരിച്ചുവിടല്‍ വിവാദം: സതിയമ്മയെ തള്ളി ലിജിമോള്‍; കുടുംബശ്രീവഴിക്ക് ജോലിക്ക് അപേക്ഷിച്ചിട്ടില്ല

കോട്ടയം: പുതുപ്പള്ളിയിലെ ജോലി പിരിച്ചുവിടല്‍ വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. ജോലിക്ക് താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സതിയമ്മയ്‌ക്കെതിരെ പരാതി നല്‍കിയതായും വിവാദത്തില്‍ ഉള്‍പ്പെട്ട ലിജിമോള്‍.

തന്റെ പേരില്‍ മറ്റൊരാള്‍ ജോലി ചെയ്തത് അറിഞ്ഞിട്ടില്ല. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ല. ശമ്ബളം തന്റെ അക്കൗണ്ടില്‍ വന്നിട്ടുമില്ല.

കുടുംബശ്രീ നല്‍കിയത് തന്റെ വ്യാജ ഒപ്പിട്ട കത്താണെന്നും ലിജിമോള്‍ സിപിഎം നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട് പറഞ്ഞു.

സതിയമ്മയ്‌ക്കൊപ്പം ഒരു കുടംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് വര്‍ഷമായി കുടുംബശ്രീയുമായി ഒരു ബന്ധവുമില്ല. താന്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ തിരിച്ചുവന്നപ്പോഴാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തന്റെ പേരാണെന്ന് അറിഞ്ഞത്.

സതിമോള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ആള്‍മാറാട്ടം, പണാപഹരണം, വ്യാജരേഖ ചമച്ച്‌ ജോലി ചെയ്തത് അടക്കമുള്ളവ പരിശോധിക്കണമെന്ന് ലിജിമോളും സിപിഎം നേതാക്കളും ആവശ്യപ്പെട്ടു.

മൃഗാശുപത്രിയില്‍ താത്ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന പി.ഒ സതീയമ്മയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതാണ് വിവാദമായത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് തന്നെ 13 വര്‍ഷമായി ചെയ്യുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് സതിയമ്മയുടെ പ്രതികരണം.

എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സതിയമ്മയുടെ കാലാവധി കഴിഞ്ഞതാണെന്നും അവരുള്‍പ്പെട്ട ഐശ്വര്യ കുടുംബശ്രീ ലിജിമോളുടെ പേരാണ് നല്‍കിയിരുന്നതെന്നുമാണ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രതികരണം.

പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞിരുന്നു.

Related posts

Leave a Comment