പുകപോലെ മാഞ്ഞ സുകുമാര കുറുപ്പ്; ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വയസ്

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പു തുടരുന്നു. ഇതിനിടെ, ആഴ്ചകള്‍ക്കുള്ളില്‍ തിയറ്ററുകളിലുമെത്തുകയാണ്.

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് എന്‍ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്ബനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച്‌ ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവില്‍ എത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം സമീപത്തെ നെല്‍വയലിലേക്ക് തള്ളിവിട്ടു.

അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ കുറുപ്പിന്റെ കാറില്‍ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്ബോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചുമില്ല. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍ കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.

പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാന്‍ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പു തുടരുകയാണ്. ചാക്കോയുടെ മരണശേഷം ജനിച്ച മകന്‍ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോള്‍. കരുവാറ്റ ടിബി ജംഗ്ഷനില്‍ ശ്രീഹരി ടാക്കീസില്‍ കളക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗര്‍ഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികില്‍ എത്താന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു. ചെറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഭാസ്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഗള്‍ഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേര്‍ന്നാണ്, ഇന്‍ഷുറന്‍സ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാന്‍ ആസൂത്രണമൊരുക്കിയത്.

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാര്‍ കത്തിയെരിഞ്ഞ ആ പാടം ഇപ്പോള്‍ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോള്‍ പുലിയൂരിലെ വീട്ടിലുണ്ട്. ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുകുമാരക്കുറുപ്പിന് ഇപ്പോള്‍ 74 വയസ്സുണ്ടാകും.

സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയില്‍ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലില്‍ പൊലീസ് പടയുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, കേരള പൊലീസ് ആവതുശ്രമിച്ചിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു.

‘സുകുമാര കുറുപ്പ്’ വെള്ളിത്തിരയിലും

സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പ് ആകുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച്‌ 47 എന്ന സിനിമയുടെ പ്രമേയവും സുകുമാര കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി ജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. എന്നാല്‍ ഇതില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ദിലീപ്- കാവ്യാ മാധവന്‍ ചിത്രമാണ് ‘പിന്നെയും’ ഈ സംഭവത്തോട് സാദൃശ്യമുള്ള കഥയാണ് പറഞ്ഞത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ വേണ്ടെന്നുവച്ച്‌ ചിത്രം മെയ് 28ന് തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടി രൂപയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment