പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണമെന്ന് ആവശ്യവുമായി ദൾ നിയമസഭാ കക്ഷി നേതാവ്

മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ, ഹൈദരാബാദ് പൊലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു. മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. അതേസമയം പീഡനത്തിന് ഇരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാർ എന്ന വിധം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോടു തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു. മൈസൂരുവിലാണു പീഡനം നടന്നതെങ്കിലും കോൺഗ്രസുകാർ ബെംഗളൂരുവിൽ തന്നെ പീഡിപ്പിക്കുകയാണെന്ന പ്രസ്താവനയും ആഭ്യന്തര മന്ത്രി പിൻവലിച്ചിരുന്നു. കോൺഗ്രസുകാർ ആരോപിക്കുന്നതു പോലെ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും യഥാർഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എസ്.ടി സോമശേഖര പ്രതികരിച്ചു. അതേസമയം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിശദീകരണം നല്‍കണം എന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് ബിജെപിയുടെ മനസ്സിലിരുപ്പാണ്. പെണ്‍കുട്ടികള്‍ക്ക് പുറത്ത് പോകാനുളള സ്വാതന്ത്ര്യമില്ല എന്നാണ് ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറയുന്നത് എന്ന് ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി.പെണ്‍കുട്ടി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളും സ്ത്രീപക്ഷ സംഘടനകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടക്കം മൈസൂരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരാവരെ ഉടന്‍ പിടികൂടാന്‍ പോലീസും അധികാരികളും തയ്യാറാകണമെന്നും അവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നും അതിന് ഉത്തരവാദികള്‍ ബിജെപി ആണെന്നും കോണ്‍ഗ്രസ്, ആം ആദ്മി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. അതിനിടെ മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചവരിൽ എൻജിനീയറിങ് വിദ്യാർഥികളായ 3 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നു സൂചന. കേരളത്തിലേക്കു കടന്നെന്നു സംശയമുള്ള ഇവരെ കണ്ടെത്താൻ 2 പൊലീസ് സംഘങ്ങളെ കർണാടക സർക്കാർ നിയോഗിച്ചു. സംഭവം നടന്ന ചാമുണ്ഡിഹിൽസിനു സമീപത്തെ ലളിതാദ്രിപുരയിലെ മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൈസൂരുവിലെ പ്രമുഖ എൻജിനീയറിങ് കോളജ് വിദ്യാർഥികളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു പീഡനം. ബുധനാഴ്ച കോളജിൽ നടന്ന പരീക്ഷ ഇവർ എഴുതിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. അന്വേഷണ പുരോഗതി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടാണു വിലയിരുത്തുന്നത്.

Related posts

Leave a Comment