‘പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം’; ആക്രമണം കടുപ്പിച്ച്‌ അൻവര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണം ശക്തമാക്കി പി.വി. അൻവർ എം.എല്‍.എ.

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ഡി.ജി.പി സർക്കാറിന് നല്‍കിയ ശിപാർശയില്‍ ഉത്തരവിറക്കാൻ എട്ട് ദിവസം വൈകിയതില്‍ എന്തുകൊണ്ട് വിശദീകരണമില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് താൻ സംശയിക്കുന്നതിന് കാരണങ്ങളിലൊന്നാണിതെന്ന് അൻവർ പറഞ്ഞു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണമെന്നും അൻവർ പറഞ്ഞു.

ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് അൻവർ പറഞ്ഞു. റിപ്പോർട്ടിന്മേല്‍ അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് ഇത്ര വലിയ ചർച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സർക്കാറിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിർത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണ്ടേ? പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത് -അൻവർ പറഞ്ഞു.

എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പി. ശശിക്ക് പല നേട്ടങ്ങളുമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യമെന്താണ്. മറ്റാരുടെയെങ്കിലും ചാരനായിട്ടാണോ പൊളിറ്റിക്കല്‍ സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് പാർട്ടി പരിശോധിക്കണം -അൻവർ പറഞ്ഞു.

Related posts

Leave a Comment