പിന്നെയും കിരീടമില്ലാതെ മടക്കം ;മുഖം കുനിച്ച് കരഞ്ഞ് രോഹിത് ശർമ

സിഡ്നി: ഒരു വര്‍ഷം മുമ്പ് പാകിസ്താനോടേറ്റതിനു സമാനമായ 10 വിക്കറ്റ് തോല്‍വിയുമായി അഡ്ലെയ്ഡില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യയെ തുറിച്ചുനോക്കി പഴയകാല ദക്ഷിണാഫ്രിക്കന്‍ അനുഭവം.

ഗ്രൂപ് ചാബ്യന്മാരായി നോക്കൗട്ടിലെത്തിയിട്ടും അതിദയനീയമായാണ് ഇംഗ്ലണ്ടിനു മുന്നില്‍ രോഹിതും സംഘവും കീഴടങ്ങിയത്.

2013നു ശേഷം മുന്‍നിര ഐ.സി.സി ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യ കിരീടം ചൂടിയിട്ടില്ല. നാലു തവണ സെമിയിലെത്തുകയും രണ്ടു തവണ ഫൈനല്‍ കളിക്കുകയും ചെയ്തവരായിട്ടും അവസാന അങ്കത്തില്‍ മുട്ടിടിക്കുന്നതെന്തുകൊണ്ടാണെന്നതാണ് വേട്ടയാടുന്ന ചോദ്യം.

2014ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കുമുന്നില്‍ വീണ ഇന്ത്യ കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാബ്യൻഷിപ്പില്‍ ന്യൂസിലന്‍ഡിനോടായിരുന്നു തോല്‍വി വഴങ്ങിയത്.

അതിനിടെ 2017ല്‍ ചാബ്യൻസ് ട്രോഫിയിലും ഫൈനലിലെത്തിയെങ്കിലും പാകിസ്താന്‍ കിരീടവുമായി മടങ്ങി.

1992- 2015 കാലയളവില്‍ ദക്ഷിണാഫ്രിക്കക്കും സമാനമായ കിരീടനഷ്ടങ്ങളുടെ കഥ പങ്കുവെക്കാനുണ്ടെന്നതാണ് കൗതുകം. ആറു തവണയാണ് ഈ കാലയളവില്‍ ടീം സെമി ഫൈനലില്‍ മടങ്ങിയത്.

ട്വന്റി20യില്‍ 2009, 2011 വര്‍ഷങ്ങളിലും സെമി വരെയെത്തി. ഒരിക്കല്‍ പോലും കപ്പുയര്‍ത്താനാകാതെ തിരികെ പോരുന്നതായിരുന്നു ടീമിന്റെ അനുഭവം.

2013ല്‍ മഹേന്ദ്ര സിങ് ധോണിക്കു കീഴില്‍ ചാബ്യൻസ് ട്രോഫി നേടിയതാണ് ഇന്ത്യ നേടിയ അവസാന ഐ.സി.സി കിരീടം. തൊട്ടടുത്ത വര്‍ഷം ട്വന്‍റി20 ലോകകപ്പില്‍ ഷേറെ ബംഗ്ല സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ തോറ്റ് മടങ്ങി.

സമ്മോഹന പ്രകടനവുമായി ടൂര്‍ണമെന്റിലുടനീളം നിറഞ്ഞാടിയിട്ടും ആറു വിക്കറ്റിനായിരുന്നു തോല്‍വി. 2020 ട്വന്‍റി20 ലോകകപ്പില്‍ തുടക്കത്തിലേ തോല്‍വികളുമായി ഇന്ത്യ സെമി കാണാതെ മടങ്ങി.

ദ്വിരാഷ്ട്ര പരമ്പരകളില്‍ മികച്ച പ്രകടനവുമായി നിറഞ്ഞുനില്‍ക്കുമ്പോഴും ഐ.സി.സി ടൂര്‍ണമെന്റുകളിലെത്തുമ്പോൾ എല്ലാം മറന്നുപോകുന്നതെന്തുകൊണ്ടാണെന്നതാണ് ബാക്കിയാകുന്ന ചോദ്യം.

Related posts

Leave a Comment