പിതാവിന്റെ മൂന്നര പതിറ്റാണ്ട് മുമ്ബുള്ള കടം വീട്ടാനുള്ള നാസറിന്റെ അന്വേഷണം പരിസമാപ്തിയില്‍.

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിന് മുമ്ബ് പിതാവ് വാങ്ങിയ കടംവീട്ടാനുള്ള മകന്റെ അന്വേഷണം പരിസമാപ്തിയിലാകുമ്ബോഴും പെരുമാതുറ സ്വദേശി നാസറിന് ചെറിയ ദുഖം ബാക്കി.

തന്റെ പിതാവിന് പണം കടംനല്‍കിയ സുഹൃത്തിനെ നാസര്‍ ഒടുവില്‍ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം ഒന്നരവര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. കൊല്ലം പരവൂര്‍ സ്വദേശിയായ ലൂഷ്യസായിരുന്നു 35 വര്‍ഷം മുമ്ബ് നാസറിന്റെ പിതാവ് അബ്ദുള്ളക്ക് ​ഗള്‍ഫില്‍ ജോലി കണ്ടെത്താന്‍ പണം നല്‍കി സഹായിച്ചിരുന്നത്.

പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുന്‍പ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് പിതാവ് അബ്ദുല്ലയുടെ സുഹൃത്തിനെ അന്വേഷിച്ച്‌ നാസര്‍ പത്രപ്പരസ്യം നല്‍കുന്നത്. പരസ്യം കണ്ട് നിരവധി പേരെത്തിയെങ്കിലും അബ്ദുല്ലയുടെ പ്രിയസുഹൃത്ത് ലൂഷ്യസ് അപ്പോഴും കാണാമറയത്ത് തുടര്‍ന്നു‌. ലൂയിസ് എന്ന പേരു വച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പിന്നീട് ലൂയിസ് ലൂഷ്യസ് ആയി, കൊല്ലം പരവൂര്‍ സ്വദേശിയാണെന്നും കണ്ടെത്തി.

ലൂഷ്യസ് മരിച്ചെങ്കിലും കുടുംബം ഇപ്പോഴും പരവൂരിലുണ്ട്. അബ്ദുല്ലയുെടയും ലൂഷ്യസിന്റെയും സുഹൃത്തായ ശാസ്തവട്ടം സ്വദേശി അബ്ദുള്‍ റഷീദാണ് പരസ്യം കണ്ട് എത്തുന്ന ആളുകളുടെ പഴയ ചിത്രങ്ങള്‍ വച്ച്‌ തിരിച്ചറിഞ്ഞിരുന്നത്. എത്തിയവരിലൊന്നും സുഹൃത്ത് ഇല്ലെന്നറി‍ഞ്ഞതോടെ കൊല്ലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വഴി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ലൂഷ്യസിന്റെ അനുജന്‍ ബേബിയെയും കുടുംബത്തെയും കണ്ടെത്തി.

1978ല്‍ ഗള്‍ഫിലെത്തി ജോലി കണ്ടെത്താന്‍ അലഞ്ഞ അബ്ദുല്ലയ്ക്ക് പണം നല്‍കി സഹായിച്ചത് ലൂഷ്യസായിരുന്നു. അന്ന് നല്‍കിയ വലിയ തുക ഇന്ന് ചെറുതാണ്. എന്നാല്‍ ഇന്നത്തെ മൂല്യമനുസരിച്ച്‌ കടംവീട്ടാന്‍ നാസര്‍ തയാറാണ്. കോവിഡ് ബാധിച്ച അനുജന്റെ ക്വാറന്റീന്‍ കഴിഞ്ഞാലുടന്‍ പണം കൈമാറും. അബ്ദുല്ലയും ലൂഷ്യസും ഇപ്പോഴില്ലെങ്കിലും സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ഓര്‍മപ്പെടുത്തലായി അവരുടെ കുടുംബങ്ങള്‍ ഇനി ഒന്നിക്കും

Related posts

Leave a Comment