പിണറായി അറിഞ്ഞെടുത്ത ‘റിസ്‌ക്’ ആയിരുന്നു അവരുടെ സ്ഥാനാര്‍ത്ഥിത്വം, തലമുറമാറ്റത്തിന്റെ അടിസ്ഥാനമിട്ട ഈ വിജയം കേവലം അഞ്ചുവര്‍ഷത്തേയ്ക്കുള്ളതല്ല

തിരുവനന്തപുരം: അടിമുടി ‘പിണറായി വിജയം’ ആണ് കേരളത്തിലെ രണ്ടാം ഇടതു തരംഗം. ചരിത്രം തിരുത്തി തുടര്‍ഭരണം ഉറപ്പാക്കിയത് പിണറായി വിജയന്‍ എന്ന നേതാവ് അഞ്ച് വര്‍ഷമായി നടപ്പാക്കിയ സാമൂഹ്യ എന്‍ജിനീയറിംഗ് ആണ്. 2016ല്‍ അധികാരമേറ്റതു മുതല്‍ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. സാമ്ബത്തികസംവരണം അതിന്റെ ഭാഗമായിരുന്നു.

ശബരിമല യുവതീപ്രവേശന വിധിക്കൊപ്പം സര്‍ക്കാര്‍ നിന്നത് താളം തെറ്റിച്ചു. ആചാരസംരക്ഷണ മുദ്രാവാക്യവുമായി യു.ഡി.എഫും ബി.ജെ.പിയും ചാകര കോരി. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശബരിമലയുടെ പേരിലുള്ള തെറ്റിദ്ധാരണകള്‍ കാരണമായെന്ന് സി.പി.എമ്മിന് വിലയിരുത്തേണ്ടി വന്നു. പിണറായി വിജയന്‍ ശബരിമല നിലപാട് തിരുത്തിയിട്ടില്ല. മൗനം പാലിച്ചിട്ടുണ്ട്. പക്ഷേ, ലോക്സഭാ പ്രഹരം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലുകള്‍ എടുത്തു. സമുദായ സംഘടനകളെ കൈയിലെടുക്കാനുള്ള സാമൂഹ്യ എന്‍ജിനിയറിംഗ് ശക്തമാക്കി. നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ച്‌ പിന്നാക്ക, ദളിത് സംഘടനകളെയടക്കം അടുപ്പിച്ചുനിറുത്തി. ശബരിമലയില്‍ നിലപാട് മാറ്റം ഇല്ലെന്ന ബോദ്ധ്യം അവരിലുണര്‍ത്താന്‍ ശ്രമിച്ചു. പുരോഗമന, ഇടതുപക്ഷ നായകനെന്ന പ്രതിച്ഛായ ബോധപൂര്‍വം വളര്‍ത്തി. പ്രതിസന്ധികളെ അവസരങ്ങളാക്കി. രണ്ട് മഹാപ്രളയങ്ങള്‍, ഓഖി, നിപ്പ, കൊവിഡ്…എല്ലാ ദുരന്തകാലത്തും പിണറായി വിജയനില്‍ ഒരു രക്ഷകനെ കേരളം കണ്ടു. ദിവസവും നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിച്ചു. പിണറായി ഒന്നും വെറുതേ പറഞ്ഞില്ല. ക്ഷേമപെന്‍ഷന്‍ കാര്യക്ഷമമാക്കിയത് ഏറ്റവും തുണച്ചത് കൊവിഡ് കാലത്താണ്. ലോക്ഡൗണില്‍ എല്ലാ വിഭാഗങ്ങള്‍ക്കും മുടങ്ങാതെ ഭക്ഷ്യ കിറ്റ് എത്തിച്ചപ്പോള്‍ ഇച്ഛാശക്തിയും കരുതലുമുള്ള നേതാവായി വാഴ്ത്തപ്പെട്ടു. അതിലൂടെ ആരോപണക്കരിനിഴലുകളെ അതിജീവിച്ചു.

ആക്ഷേപങ്ങളെ അക്ഷോഭ്യനായി പ്രതിരോധിച്ച പിണറായിയെ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നത് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കണ്ടു. വി.എസ്. അച്യുതാനന്ദന് ശേഷം വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനെ ജനങ്ങള്‍ കണ്ടു. മറുവശത്ത് മാസ്മര പ്രഭാവമുള്ള ഒരു നായകന്റെ അഭാവവും അവര്‍ കണ്ടു.

സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി രണ്ട് ടേം നിബന്ധന കര്‍ശനമാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് പിണറായി അറിഞ്ഞെടുത്ത ‘റിസ്‌ക്’ ആയിരുന്നു. തോമസ് ഐസകിനെയും ജി. സുധാകരനെയുമൊക്കെ മാറ്റിയതില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന മുറുമുറുപ്പുകള്‍ തുടര്‍ച്ചയായി പതിനെട്ട് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായിയുടെ കാര്‍ക്കശ്യത്തില്‍ അടങ്ങി. തുടര്‍ച്ചയായി ഒരേ മുഖങ്ങള്‍ വേണ്ടെന്ന വികാരം പാര്‍ട്ടിക്കതീതമായി ജനമനസുകളിലും വളരാന്‍ അതിടയാക്കി. മുതിര്‍ന്നവരെ മാറ്റിയത് ചര്‍ച്ചയായപ്പോള്‍, അടുത്ത തവണ തനിക്കും ഇത് ബാധകമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

Related posts

Leave a Comment