പാർട്ടി ആവശ്യപ്പെടും മുൻപേ ഒഴിയും; കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ പി.കെ.ശശി

പാലക്കാട്: മുതിർന്ന സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ പാർട്ടി നടപടി. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി കെ ശശി. ഈ പദവികള്‍ അദ്ദേഹത്തിന് നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. നിലവില്‍ കെടിഡിസി ചെയർമാനാണ്.

നേരത്തെ വിഭാഗീയതയെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ ഒട്ടേറെ പരാതികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളജിന് വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ച്‌ പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് പരാതി ഉയർന്നത്.

സാമ്ബത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിഭാഗീയതയെ തുടർന്ന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടതായും സൂചനയുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മുൻപ് ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ആറു മാസം ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തുകയായിരുന്നു.

Related posts

Leave a Comment