പാലക്കാട്: മലബാര്‍ മേഖലയില്‍ നാളെ മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മില്‍മ. ക്ഷീര സംഘങ്ങളില്‍ നിന്നും 80 ശതമാനം പാല്‍ സംഭരിയ്ക്കാനാണ് തീരുമാനമെന്ന് മില്‍മ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം മലബാര്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിവെച്ചിരുന്നു.
വില്‍പ്പന കുറഞ്ഞതും പാല്‍ ഉത്പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മില്‍മ തീരുമാനിച്ചിരുന്നത്. ഇത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ അധികം വന്ന പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലായിരുന്നു ക്ഷീര കര്‍ഷകര്‍. എന്നാല്‍, തീരുമാനത്തില്‍ മില്‍മ ഇളവ് വരുത്തിയതോടെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസമായിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സാമ്ബത്തിക ശേഷിയുള്ളവര്‍ അര ലിറ്റര്‍ പാല്‍ എങ്കിലും അധികമായി വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് മില്‍മ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മില്‍മ കഴിഞ്ഞ ദിവസം മില്‍ക്ക് ചലഞ്ച് അവതരിപ്പിച്ചത്.