പാറശാല: പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഈവലിങ് ജോയി (15) ആണ് മരിച്ചത്.
പരശുവയ്ക്കൽ വഴി പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിൽനിന്നു സ്കൂളിലേക്കെന്ന് പറഞ്ഞായിരുന്നു ഈവലിങ് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
അപകടം ആണോ എന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ല.റെയിൽവേ പോലീസിലും പാറശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്തുനിന്നു പോലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പോലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.