‘പാര്‍ട്ടി സഹായിച്ചില്ല, പാര്‍ട്ടി ഇടപെട്ടിരുന്നെങ്കില്‍ ബിനീഷേട്ടന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കുമായിരുന്നില്ല’: റനീറ്റ

തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പെട്ട അകത്തായ ബിനീഷ് കോടിയേരിയെ പുറത്തിറക്കാന്‍ പാര്‍ട്ടി ഇടപെട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റനീറ്റ.

ബിനീഷിനെതിരായ അന്വേഷണം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നുവെന്ന് വ്യക്തമാക്കിയ റനീറ്റ ബിനീഷിനു വേണ്ടി പാര്‍ട്ടിയോ ഉന്നത ആള്‍ക്കാരോ ഇടപെടില്ലെന്നും വ്യക്തമാക്കുന്നു. കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് വീട്ടിലെത്തിയ സാഹചര്യത്തില്‍ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു റനീറ്റ.

ലഹരിക്കേസില്‍ ബിനീഷ് അറസ്റ്റിലായത് മുതല്‍ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ പറയുന്നു. പാര്‍ട്ടിയോ മറ്റുള്ളവരോ സഹായിച്ചിരുന്നുവെങ്കില്‍ ബിനീഷേട്ടന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കില്ലായിരുന്നുവെന്നും റനീറ്റ പറയുന്നു.

‘ഇ.ഡി ബിനീഷേട്ടനെ കൊണ്ട് ആരുടെയൊക്കെയോ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി ഏറ്റെടുക്കണമെന്നില്ലലോ. കോടിയേരി ബാലകൃഷ്ണന്‍ നിസ്സഹായനായിരുന്നു. അച്ഛന് ഒരുരീതിയിലും ഇടപെടാന്‍ പറ്റിയിരുന്നില്ല. അച്ഛന്‍ നില്‍ക്കുന്ന സാഹചര്യം വെച്ച്‌ അദ്ദേഹത്തിന് ഇടപെടാന്‍ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. കോടിയേരി എന്ന പേരുള്ളത് കൊണ്ടാണ് ബിനീഷേട്ടനെ ഇങ്ങനെ വേട്ടയാടിയത്’, റനീറ്റ പറഞ്ഞു.

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീട്ടില്‍ തിരിച്ചെത്തിയത്. ജാമ്യം ലഭിച്ച്‌ തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതില്‍ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. തന്റെ പേരിലെ കോടിയേരിയെന്ന നാമമാണ് തന്നെ കേസില്‍ കുടുക്കാനുണ്ടായ കാരണമെന്നും ബിനീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment