പാര്‍ലമെന്റിലെ പുകയാക്രമണം: സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ ഡിസംബര്‍ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ബംഗലൂരു സ്വദേശിയായ സോഫ്ട്‌വെയര്‍ എന്‍ജിനീയറും യു.പി സ്വദേശിയുമാണ് പിടിയിലായത്.

കര്‍ണാടകയിലെ റിട്ട.ഡിവൈഎസ്പിയുടെ മകനാണ് അറസ്റ്റിലായ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ സായ് കൃഷ്ണ ജഗലി.

പാര്‍ലമെന്റ് ഹാളില്‍ കടന്ന് പുകയാക്രമണം നടത്തിയ രണ്ട് പേരില്‍ മനോരഞ്ജന്‍ ഡി.യുടെ സുഹൃത്താണ് സായ് കൃഷ്ണ.

ബംഗലൂരു എന്‍ജിനീയറിംഗ് കോളജില്‍ ഒരുമിച്ച്‌ പഠിച്ച ഇവര്‍ ഹോസ്റ്റല്‍ റൂംമേറ്റ്‌സും ആയിരുന്നു. മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ് കൃഷ്ണയെ കുറിച്ച്‌ സൂചന ലഭിച്ചത്.

ഡല്‍ഹിയില്‍ നിന്നെത്തിയ സംഘം ഇന്നലെ രാത്രി കര്‍ണാടക ബഗല്‍കോട്ടെ വീട്ടിലെത്തി സായ്് കൃഷ്ണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ ആണ് പിടിയിലായ മറ്റൊരാള്‍.

സായ്കൃഷ്ണ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹി പോലീസ് വീട്ടിലെത്തുകയും സായ് കൃഷ്ണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും സഹോദരി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മണിപ്പൂര്‍ സംഘര്‍ഷം, തൊഴിലില്ലായ്മ,

കര്‍ഷക പ്രശ്‌നം തുടങ്ങിയവയ്ക്ക് ശ്രദ്ധ കിട്ടുന്നതിനാണ് ഈ ആക്രമണമെന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment