ചെന്നൈ: സ്വന്തം പാർട്ടിയുടെ പതാക പുറത്തിറക്കി സൂപ്പർതാരം വിജയ്. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടന്ന ചടങ്ങില്‍ താരം തമിഴക വെട്രി കഴകത്തിന്‍റെ പതാക ഉയര്‍ത്തി.
30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്‍റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സംഗീതജ്ഞൻ എസ്. തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. പതാക ഉയർത്തിയതിനു പിന്നാലെ നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി.
“നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവൻ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണില്‍ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവർത്തിച്ച സൈനികരെയും എപ്പോഴും ഞങ്ങള്‍ അഭിനന്ദിക്കുന്നു.
ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർഥമായി ഉറപ്പുനല്കും.’ – പ്രതിജ്ഞയില്‍ പറയുന്നു.
തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു.
തമിഴ്‌നാട്ടിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്ത് ഇതിന്‍റെ റിഹേഴ്‌സലടക്കം നടന്നിരുന്നു.
പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് വിഴുപുരത്തെ വിക്രവാണ്ടിയില്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും വിജയ്‌യുടെ സംസ്ഥാന പര്യടനം തുടങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് താരത്തിന്‍റെ പ്രവര്‍ത്തനം.