കൊച്ചി: ആവശ്യം വന്നാല്‍ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്ബത്തികത്തട്ടിപ്പ് കേസില്‍ ഇന്നലെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം നേരിടുമെന്നും ഭയമില്ലെന്നും നിരപരാധിയാണെന്ന വിശ്വാസം തനിക്കുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.
കോടതിയില്‍ വിശ്വാസം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒരു കാര്യത്തിനും താന്‍ നില്‍ക്കില്ല എന്നും പറഞ്ഞു.
അതേസമയം സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ട സാഹചര്യമില്ല എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.
കേസ് രാഷ്ട്രീയ പകപോക്കലാണെന്നും മാറി നില്‍ക്കുന്നത് സുധാകരന്‍ തെറ്റുകാരനാണെന്ന സന്ദേശം നല്‍കുമെന്ന വികാരവും പാര്‍ട്ടിയില്‍ പൊതുവായിട്ടുണ്ട്.
െഹെക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുധാകരനെ ജാമ്യത്തില്‍ വിട്ടിരുന്നു.
കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഏഴരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ രണ്ടാംപ്രതിയായ സുധാകരനു രണ്ടാഴ്ചത്തെ മുന്‍കൂര്‍ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കു രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണു കോടതി ഉത്തരവിട്ടത്.
ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റവകയില്‍ ലഭിച്ച 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചെന്നും അതു വിട്ടുകിട്ടാനുള്ള തടസം നീക്കാനെന്ന പേരില്‍ മോന്‍സണ്‍ പലപ്പോഴായി 10 കോടി രൂപ പരാതിക്കാരില്‍നിന്നു തട്ടിയെടുത്തെന്നുമാണു കേസ്.
2018 നവംബര്‍ 22-നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടിലാണു തുക കൈമാറിയത്. അവിടെയുണ്ടായിരുന്ന സുധാകരന്‍, ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണു മോന്‍സണു പണം നല്‍കിയതെന്നു പരാതിക്കാര്‍ ആരോപിക്കുന്നു.
മോന്‍സണു കൊടുത്ത തുകയില്‍നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സുധാകരനെതിരായ ആരോപണം.
മോന്‍സണ്‍ 10 ലക്ഷം രൂപ സുധാകരനു നല്‍കിയതിനു തെളിവുണ്ടെന്നും അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഇന്നലെ രാവിലെ 11-നാണ് സുധാകരന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.