പാര്‍ട്ടിയില്‍ തുടര്‍ച്ചയായി വിവാദം തലപൊക്കുന്നു ; പ്രതികരിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: പാര്‍ട്ടിയില്‍ തുടര്‍ച്ചയായി വിവാദം തലപൊക്കുന്നതിനിടയില്‍ നിശബ്ദത പാലിച്ച്‌ പാര്‍ട്ടി സെക്രട്ടറി.

ആലപ്പുഴയില്‍ ജില്ലാക്കമ്മറ്റിയില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിച്ചില്ല.

ആലപ്പുഴയിലെ അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നായിരുന്നു മറുപടി.

വിഷയത്തില്‍ മറ്റൊരു പ്രതികരണത്തിനും തയ്യാറായില്ല. എസ്‌എഫ്‌ഐ ഉള്‍പ്പെട്ട വ്യാജ ഡിഗ്രി വിവാദത്തിലും എംവി ഗോവിന്ദന്‍ മൗനം വെടിയാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞ ദിവസമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരന്‍ എന്ന് കണ്ടു പി.പി. ചിത്തരഞ്ജനെയും എം സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്.

താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു സിപിഎം നേതാവ് പി പി ചിത്തരഞ്ജന്റെ പ്രതികരണം.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ 30 ലധികം പേര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനിച്ചത്.

ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ എല്ലാവര്‍ക്കും താക്കീത് നല്‍കും. 23 ഏരിയാ കമ്മിറ്റി അംഗങ്ങളെയും മൂന്ന് ഏരിയ സെക്രട്ടറിമാരെയും ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു.

Related posts

Leave a Comment