ഡോ.ശശി തരൂരിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയം ഡിസിസിയില്‍ വിവാദം. അത്തരമൊരു പോസ്റ്റിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ച് തനിക്കറിവില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു.
ഡിസിസിയുടെ ഔദ്യോഗിക പേജിലല്ല പോസ്റ്റ് വന്നത്. സംഘടനയ്ക്കകത്ത് ആരെങ്കിലും ആണ് ഇതിന് പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. നിയമപരമായി നേരിടും. പൊലീസില്‍ പരാതിപ്പെടും.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു.’വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനാ പോസ്റ്റ് കണ്ടിട്ടില്ല. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഞാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നത്.
സിസ്റ്റം നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിക്ക് ദോഷമാകും. അതുണ്ടാകാതിരിക്കാനാണ് എന്റെ ശ്രമങ്ങള്‍. ഏഴാം ക്ലാസില്‍ കെഎസ്യുവിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്.
എന്റെ വീടിന് മുന്നിലെ റോഡിലിട്ടാണ് സിപിഐഎം പ്രവര്‍ത്തകരും എസ്‌എഫ്‌ഐക്കാരും അധ്യാപകരുമടക്കം എന്നെ അന്ന് തല്ലിയത്’.
തന്റെ പാരമ്പര്യത്തെ കുറിച്ച് ആരോടും ഒന്നും പറയാനില്ലെന്നും കെ എസ് ശബരീനാഥന്റെ പരാമര്‍ശങ്ങളില്‍ മറുപടിയായി നാട്ടകം സുരേഷ് പറഞ്ഞു.ശശി തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്.
സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായത്.
പോസ്റ്റിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തരൂര്‍ അനുകൂലികള്‍. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതേസമയം പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്റേതാണെന്നാണ് തരൂര്‍ അനുകൂലികള്‍ പറയുന്നത്.