ചെന്നൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി വീരമൃത്യു വരിച്ചത്. പതിനെട്ടാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി 22 വര്‍ഷമായി രാജ്യത്തെ സേവിച്ച് വരികയായിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനാല്‍ ഇനി വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പളനി ഫോണിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂര്‍ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി. പളനിയുടെ സഹോദരന് ഇദയകണിയും സൈനികനാണ്.