ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി തള്ളി. അതേസമയം കൊവിഡ് വാക്സിനേഷന് പ്രത്യേക കർമ്മ പദ്ധതി വേണമെന്നും, പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ലാബുടമകളുടെ സ്റ്റേ ആവശ്യം കോടതി തള്ളിയത്. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നിശ്ചയിച്ച 500 രൂപ നിരക്ക് അംഗീകരിച്ച കോടതി കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും തള്ളി. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയമാണെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാൽ, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഈടാക്കിയിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആർടിപിടിആർ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ഇതിനിടെ കൊവിഡ് വാക്സിൻ വിതരണത്തിന് പ്രത്യേക കർമ്മ പദ്ധതി വേണമെന്ന് മറ്റൊരു കേസിൽ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ലഭിക്കില്ലേ എന്ന ആശങ്കയിലാണ് ജനം. ഇതുമൂലം വാക്സീൻ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ പോലീസ് നൽകണമെന്നും ഇക്കാര്യത്തിൽ 24 മണിക്കൂറിനകം എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കുലർ അയയ്ക്കാനും കോടതി നിർദ്ദേശിച്ചു. കേരളമാവശ്യപ്പെട്ട വാക്സിൻ എപ്പോൾ നൽകാനാകുമെന്നററിയിക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടു.