തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ അച്ഛനെയും മകളെയും സ്റ്റേഷനില്‍ നിന്ന് പൊലീസ് അധിക്ഷേപിച്ച് ഇറക്കിവിട്ടു. കള്ളിക്കാട് സ്വദേശി സുദേവനെയാണ് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടത്.
അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് കുറ്റക്കാരനായ പൊലീസുകാരനെ സ്ഥലംമാറ്റി. ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെതിരെയാണ് നടപടി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് സുദേവന് പരാതിയുമായി നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ കേസില്‍ തുടര്നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മകളോടൊപ്പം വീണ്ടും സ്റ്റേഷനിലെത്തിയപ്പോഴാണ് ദുരനുഭവം.
കേസിനെക്കുറിച്ച് ചോദിച്ച സുദേവനോട് ഗോപകുമാര്‍ മോശമായി പെരുമാറുകയായിരുന്നു. സുദേവന് മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. അച്ഛന് മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ മകളോടും മോശമായാണ് ഗോപകുമാര്‍ പെരുമാറിയത്. ഇതോടെ കരഞ്ഞുകൊണ്ട് പെണ്‍കുട്ടി സുദേവനെയും കൊണ്ട് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സുദേവന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡി.ഐ.ജിയെ ഡി.ജി.പി ലോക്നാഥ് െബഹ്റ ചുമതലപ്പെടുത്തിയിട്ടുണ്ട്.