ന്യൂഡെല്‍ഹി: ( 08.07.2020) കടുത്ത പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച അദ്ദേഹം കോവിഡ് പരിശോധനയ്ക്കു വിധേയമായേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെജ്രിവാളിന് പനിയും തൊണ്ടവേദനയുമുണ്ട്. അതിനാല്‍ അദ്ദേഹം സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടറെ ഫോണില്‍ വിളിച്ചതനുസരിച്ച് ചൊവ്വാഴ്ച പരിശോധനയ്ക്കു വിധേയമാകാന്‍ നിര്‍ദേശമുണ്ടെന്നും വക്താവ് അറിയിച്ചു. അദ്ദേഹം ഓഫീസ് കാര്യങ്ങളിലൊന്നും ഇപ്പോള്‍ ഇടപെടുന്നില്ലെന്നും വക്താവ് അറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ടു അരവിന്ദ് കെജ്രിവാള്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡെല്‍ഹി. ഇതുവരെ 28,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 812 പേര്‍ മരിക്കുകയും ചെയ്തു.
കോവിഡ് ചികിത്സയ്ക്ക് കനത്ത ഫീ ഈടാക്കിയ സംഭവത്തില്‍ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നേരത്തെ കെജ് രിവാള്‍ രംഗത്തു വന്നിരുന്നു. അതേസമയം ഡെല്‍ഹിയിലെ ആശുപത്രികളില്‍ ഡെല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചികിത്സാ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
വോട്ടര്‍ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഏറ്റവും ഒടുവില്‍ അടച്ച വാട്ടര്‍ ഇലക്‌ട്രിസിറ്റി ,ടെലിഫോണ്‍ ബില്ലുകള്‍, ജൂണ്‍ ഏഴിന് മുന്‍പ് കൈപ്പറ്റിയ ആധാര്‍ കാര്‍ഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ കിട്ടാനായി ഹാജരാക്കണം.
അതേസമയം സര്‍ക്കാരിന്റെ ഇത്തരം തീരുമാനത്തിനെതിരെ ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും മായാവതി ആവശ്യപ്പെട്ടു.