ആറ്റിങ്ങല്‍: അമ്മയുടെ പരിപാലനത്തെ സംബന്ധിച്ച് മക്കള്‍ തര്ക്കിച്ചതിനെതുടര്ന്ന് അഞ്ച് മണിക്കൂറോളം നടുറോഡില്‍ ആംബുലന്‍സില്‍ കിടക്കേണ്ടിവന്ന വയോധികയുടെ വിഷയത്തില്‍ ഒടുവില്‍ പൊലീസ് ഇടപെട്ടു.
വിഷയത്തില്‍ പിന്നീട് ഒത്തുതീര്‍പ്പുണ്ടാക്കി.
ആറ്റിങ്ങല്‍ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിയായ 85 കാരിക്കാണ് ഈ ദുര്‍ഗതി. ഇവര്‍ക്ക് നാല് ആണ്മക്കളും ആറ് പെണ്മക്കളുമുണ്ട്. മക്കള്‍ക്ക് സ്വത്തുവകകളും കൈവശമുള്ള പണവും പങ്കുവെച്ചു നല്‍കിയിരുന്നു. നാലാമത്തെ മകളുടെ വീടായ കാഞ്ഞിരംകോണം പുത്തന്‍ വീട്ടില്‍ അവശനിലയില്‍ ട്യൂബിട്ട് കിടക്കുന്ന അമ്മയെ മകള്‍ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീടായ ആറ്റിങ്ങല്‍ ഭാസ്കര്‍ വില്ലയില്‍ കൊണ്ടുവന്നു.
എന്നാല്‍, ആ മകള്‍ അമ്മയെ സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. നാലാമത്തെ മകള്‍ ആംബുലന്‍സിലെ സ്ട്രക്ചറില്‍ അമ്മയെ എടുത്ത് അഞ്ചാമത്തെ മകളുടെ വീടിന് മുന്നില്‍വെച്ചതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ഇടപെടുകയായിരുന്നു.
മൂത്ത മകള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാല്‍ ആശുപത്രിയിലാണെന്നും ചേച്ചിയെ നോക്കാന്‍ നാലാമത്തെ മകള്‍ക്ക് പോകേണ്ടതുള്ളതുകൊണ്ടാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടില്‍ എത്തിച്ചതെന്നാണ് ഇവര്‍ പറഞ്ഞത്. അമ്മയെ മക്കള്‍ രണ്ടുപേരും കൈയേല്‍ക്കാതെ വന്നതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി നടത്തിയ സന്ധി സംഭാഷണത്തില്‍ അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടില്‍ മൂന്നുമാസം താമസിപ്പിക്കാന്‍ തീരുമാനിച്ചു. മൂന്നുമാസം വീതം ഓരോ മക്കളും നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനില്‍ എഴുതിവെച്ചശേഷമാണ് അമ്മക്ക് ആംബുലന്‍സില്‍നിന്ന് മോചനം ലഭിച്ചത്.