പത്തനംതിട്ട: കൊവിഡ് ബാധിച്ച് 45 ദിവസമായി പത്തനംതിട്ടയില്‍ ചികിത്സയില്‍ തുടരുന്ന 62 കാരിയുടെ പുതിയ ഫലം നെഗറ്റീവ്. ഇരുപത്തിയൊന്നാം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇനി രണ്ട് ഫലം കൂടി പുറത്തുവരാനുണ്ട്്. അവകൂടി നെഗറ്റീവായാല്‍ മാത്രമേ രോഗം ഭേദമായെന്ന് സ്ഥിരീരിക്കാന്‍ സാധിക്കൂ. രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവര്‍ക്ക് 45 ദിവസമായിട്ടും രോഗം ഭേദമാകാത്തത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.
വിദേശത്ത് നിന്നെത്തിയ മറ്റ് മൂന്നു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആകെ ആറ് പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ കൊവിഡ് ബാധിതയായത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ പുതിയ പരിശോധയുടെ ഫലമാണ് നെഗറ്റീവായത്. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച മുന്‍പ് അസുഖം ഭേദമായിരുന്നു.