പതിമൂന്നുകാരന്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

നെടുങ്കണ്ടം: പതിമൂന്നുവയസുകാരന്‍ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പിന്റെയും സൗമ്യയുടെയും മൂത്തമകന്‍ ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ ഇരുകാലുകളും കയര്‍ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയിലാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടില്‍ വൈകിട്ട് 3.45 ഓടെയാണ് സംഭവം. ഒരു മാസമായി ജെറോള്‍ഡ് ഇവിടെയാണ് താമസിച്ചിരുന്നത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ജെറോള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ പഠനത്തിലായിരുന്നു.

കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറോള്‍ഡിനെ കാണാതെവന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.

Related posts

Leave a Comment