പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നു ; മരിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്ബും അന്ന പറഞ്ഞത് ജോലിയുടെ സമ്മര്‍ദ്ദത്തെക്കുറിച്ച്‌

കൊച്ചി : പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നതായും മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്ബ് വിളിച്ചപ്പോഴും സംസാരിച്ചത് ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ച്‌ ആയിരുന്നെന്നും മരണമടഞ്ഞ അന്നയുടെ സുഹൃത്ത്്.

മരിക്കുന്നതിന് രണ്ടാഴ്ച മുമ്ബ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നതായും അന്നയുടെ സ്‌കൂള്‍ കാലം മുതലുളള സഹപാഠിയായ ആന്‍മേരി.

അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇടവേളകള്‍ ഇല്ലാതെ ജോലി ചെയ്തിരുന്നു. രാവിലെ 6 മണിക്ക് ഓഫീസില്‍ എത്തുന്ന അന്ന രാത്രി 12 മണി 1 മണി സമയത്തൊക്കെയാണ് തിരിച്ചുവന്നിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും ജോലിക്ക് പോകേണ്ടി വന്നിരുന്നു. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്. നാട്ടിലേക്ക് പോകാന്‍ അന്ന ആഗ്രഹിച്ചിരുന്നു വീട്ടിലെത്തി കഴിഞ്ഞ് വര്‍ക്ക് ഫ്രം ഹോമോ കൊച്ചിയിലേക്ക് ട്രാന്‍സ്ഫറോ ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. തീരെ പറ്റാത്ത അവസ്ഥയെങ്കില്‍ ജോലി ഉപേക്ഷിക്കുന്ന കാര്യം വരെ ആലോചിച്ചിരുന്നതായും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലില്‍ പറഞ്ഞു.

മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്ബ് വിളിച്ചപ്പോഴും സംസാരിച്ചത് ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നെന്നും ഇടയ്ക്കിടെ വന്നിരുന്ന നെഞ്ച് വേദന സ്‌ട്രെസ് കാരണമുളളതാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായും പറഞ്ഞു. ഫുഡ് ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാം കാരണമാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എപ്പോഴും തൊഴില്‍ സമ്മര്‍ദ്ദത്തെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നതെന്നും പറഞ്ഞു.

കമ്ബനിയില്‍ ചേര്‍ന്ന് നാലു മാസത്തിനുള്ളില്‍ മകള്‍ മരിച്ചുവെന്നും അമിത ജോലിഭാരത്തെ മഹത്വവല്‍ക്കരിക്കുന്ന തൊഴില്‍സംസ്‌കാരം മാറ്റണമെന്നും അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ അന്ന ജോലി ചെയ്തിരുന്ന ഇ.വൈ. കമ്ബനിയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. അനിത അഗസ്റ്റിന്റെ കത്ത് വൈറലായതോടെയാണ് പ്രശ്‌നത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും എത്തിയത്.

അന്ന നേരിട്ടിരുന്ന കാര്യങ്ങള്‍ അനിത കത്തില്‍ പറഞ്ഞിരുന്നു. രാത്രി വൈകിയും, വാരാന്ത്യങ്ങളില്‍ പോലും അവള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലായിരുന്നു. എപ്പോഴും മുകളില്‍നിന്നുള്ളവരുടെ സമ്മര്‍ദമുണ്ടാകും. അടുത്ത പ്രഭാതത്തോടെ പൂര്‍ത്തിയാക്കേണ്ട ജോലി എത്തും. ഒരിക്കല്‍ അവള്‍ പ്രതികരിച്ചപ്പോള്‍, ഡിസ്മിസ് ചെയ്യുമെന്ന മറുപടിയാണ് കിട്ടിയത്. രാത്രി വൈകിയും നിങ്ങള്‍ക്കു ജോലിചെയ്യാം. എല്ലാവരും ചെയ്യുന്നത് അതുതന്നെയാണെന്നും അസി. മാനേജര്‍ കടുപ്പിച്ചെന്നും മാതാവിന്റെ കത്തില്‍ പറഞ്ഞു.

വെളുക്കുമ്ബോഴേയ്ക്കും തളര്‍ന്ന് അവള്‍ മുറിയിലെത്തും. ചിലപ്പോഴൊക്കെ വസ്ത്രം പോലും മാറാതെ കട്ടിലിലിലേക്ക് വീണു. അപ്പോഴും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് മെസേജുകള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ജോലി കളയാന്‍ ഞങ്ങള്‍ പറഞ്ഞതാണ്. പക്ഷേ, കൂടുതല്‍ പഠിക്കാനും എക്‌സ്‌പോഷര്‍ നേടാനും അവള്‍ ആഗ്രഹിച്ചു. അങ്ങനെ മരിച്ചു ജോലി ചെയ്തിട്ടും അവളുടെ സംസ്‌കാര ചടങ്ങില്‍ പോലും കമ്ബനിയില്‍നിന്ന് ആരും എത്താതിരുന്നത് തെല്ലൊന്നുമല്ല വേദനിപ്പിച്ചതെന്നും അന്നയുടെ കുടുംബം പറഞ്ഞു.

Related posts

Leave a Comment